മുതിർന്ന പൗരന്റെ ഓട്ടോ മോഷണം പോയിട്ട് എട്ടുമാസം; കണ്ടെത്താത്തത് നീതിനിഷേധം- മനുഷ്യാവകാശ കമ്മീഷൻ

0
34

ട്യൂഷൻ പഠിപ്പിച്ചും ഓട്ടോ ഓടിച്ചും ഉപജീവനം നടത്തുന്ന മുതിർന്ന പൗരന്റെ ഓട്ടോറിക്ഷ പട്ടാപ്പകൽ ബലാൽക്കാരമായി മോഷ്ടിച്ച് എട്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തത് നീതി നിഷേധമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്നും കേസിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ കമ്മീഷനെ അറിയിക്കണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കും.

2021 ഏപ്രിൽ 25 നാണ് കരകുളം സ്വദേശി ജെ ഐപ്പിന്റെ ഓട്ടോറിക്ഷ സവാരി വിളിച്ചവർ വള്ളക്കടവിന് സമീപത്ത് എത്തിയപ്പോൾ ആർ ടി ഒ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഒരു സംഘം ഭീഷണിപ്പെടുത്തി മോഷ്ടിച്ചു കൊണ്ടുപോയത്. ഓട്ടോയിലുണ്ടായിരുന്ന എട്ടുപവൻ സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ചു.

സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. വലിയതുറ പോലീസ് 918/21 നമ്പറായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാരന്റെ ഓട്ടോയുടെ ആർ സി ഓണർ രാജേഷ് എന്നയാളാണ്. ഓട്ടോറിക്ഷ വാങ്ങാൻ താൻ പരാതിക്കാരന് ജാമ്യം നിൽക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിക്കാരൻ ലോൺ അടവിൽ പലപ്പോഴായി മുടക്കം വരുത്തിയിട്ടുണ്ടെന്നും രാജേഷ് പോലീസിന് മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. വാഹനമോഷണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2019 ഒക്ടോബറിൽ വാഹനത്തിനായി എടുത്ത വായ്പ അടച്ചു തീർത്തതായി പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. ആർ സി ഓണറായ രാജേഷിനോട് ഉടമസ്ഥാവകാശം തനിക്ക് നൽകാൻ സിഐയും എസ്ഐയും പറഞ്ഞിട്ടും രാജേഷ് തയ്യാറായിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. തന്റെ ജീവനോപാധിയായ ഓട്ടോറിക്ഷ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.