തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യാ ഗവണ്‍മെന്റും എംബസിയുമായിരിക്കും ഉത്തരവാദികളെന്ന് സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീഡിയോ സന്ദേശം. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും അവസാന ശ്രമമെന്ന നിലയില്‍ തങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും വിദ്യാര്‍ഥികള്‍ സന്ദേശത്തില്‍ പറഞ്ഞു.
‘രണ്ട് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. അതില്‍ മരിയുപോളിലേക്ക് സുമിയില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ മുതല്‍ ഇവിടെ തെരുവ് യുദ്ധത്തിന് സമാനമായ രീതിയില്‍ ഷെല്ലാക്രമണം നടക്കുകയാണ്. ഞങ്ങള്‍ ഏറെ നേരെ കാത്തിരിന്നു. ഇനിയും കാത്തിരിക്കാനാവില്ല. ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ്. ഞങ്ങള്‍ അതിര്‍ത്തിയിലേക്ക് നീങ്ങുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യന്‍ എംബസിയും ഗവണ്‍മെന്റുമായിരിക്കും ഉത്തരവാദികള്‍. ‘മിഷന്‍ ഗംഗ’ ഒരു വലിയ പരാജയമാണ്. ഇത് ഞങ്ങളുടെ അവസാന വീഡിയോയാണ്. അവസാന അഭ്യര്‍ഥനയാണ്- വിദ്യാര്‍ഥികള്‍ വിഡിയോവിൽ പറയുന്നു.
മരിയുപോള്‍, വോള്‍നോവാഖ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. യുദ്ധഭൂമിയില്‍ കുടുങ്ങിയവര്‍ക്ക് സുരക്ഷിതമായി പുറത്തുകടക്കാനാണ് ഇത്തരമൊരു സുരക്ഷിത ഇടനാഴി ഒരുക്കിയത്. സുമിയിലെ ഒഴികെ മറ്റു നഗരങ്ങളിലെ വിദ്യാര്‍ഥികളെല്ലാം ഏറെക്കുറെ രക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് സുമിയിലെ വിദ്യാര്‍ഥികളുടെ ആശങ്ക വര്‍ധിച്ചത്.
യുദ്ധം തുടങ്ങിയത് മുതല്‍ ബങ്കറുകളില്‍ നടക്കുന്ന സുമിയിലെ വിദ്യാര്‍ഥികള്‍ ഏറെ ദുരിതത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിവെള്ളം തീര്‍ന്നതിനാല്‍ മഞ്ഞ് ഉരുക്കിയെടുത്താണ് വിദ്യാര്‍ഥികള്‍ വെള്ളമായി ഉപയോഗിക്കുന്നത്. എന്നാൽ, പുതിയ ഉത്തരവ് വരുന്നതുവരെ ബങ്കറുകളില്‍ തന്നെ തുടരണമെന്നാണ് എംബസിയുടെ നിര്‍ദേശം.