വടക്കുകിഴക്കന്‍ ഉക്രൈൻ നഗരമായ സുമിയില്നിന്നും സ്വന്തം നിലയില്‍ യാത്രതിരിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യന്‍ എംബസി. യുദ്ധം രൂക്ഷമായ സുമിയില്നിന്നും റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകാന്‍ തീരുമാനിച്ചതായി സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അറിയിച്ചതിനു പിന്നാലെയാണ് എംബസിയുടെ മുന്നറിയിപ്പ്.
വിദ്യാര്‍ഥികള്‍ക്കായി ഉടന്‍ ബസ് സൗകര്യമൊരുക്കുമെന്നും സൂമിയിലെ സ്റ്റുഡന്റ് കോര്ഡിനേറ്ററുമാരുമായി ആശയവിനമയം നടത്തിവരികയാണെന്നും വിദേശകാര്യ വക്താവ് അരിങ്ദം ബാഗ്ചി പറഞ്ഞു. സുമിയില്നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. വഴിയില്‍ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യന്‍ സര്‍ക്കാരും എംബസിയും ഉത്തരവാദികളായിരിക്കും. സുമിയില്‍ നിന്നുള്ള തങ്ങളുടെ “അവസാന വീഡിയോ’ ആയിരിക്കുമിതെന്നും പുറത്തുവിട്ട വീഡിയോയില്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ എംബസി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ യാത്ര ഒഴിവാക്കി.
സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നാണ് വിദ്യാര്‍ഥികള്‍ സഹായം അഭ്യര്‍ഥിച്ചത്. ഇന്ത്യന്‍ പതാകയുമായി നില്ക്കുന്ന വിദ്യാര്‍ഥി സംഘം യാത്രയ്ക്കു തയാറെടുത്തുനില്‍ക്കുകയായിരുന്നു. അപകടരമായ യാത്രയില്‍ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ഇന്ത്യന്‍ സര്‍ക്കാരായിരിക്കുമെന്നും അവര്‍ വീഡിയോയില്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് എംബസി ഇടപെട്ടത്. അപകടരമായ യാത്ര അരുതെന്നും ഷെല്‍ട്ടറുകളില്‍ തുടരാനും എംബസി നിർദ്ദേശിച്ചു.