Wednesday
17 December 2025
30.8 C
Kerala
HomeArticlesസംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2021ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു.

സാമൂഹ്യ സേവനത്തിനുള്ള വനിതാരത്‌ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ. വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു പി വി സുധ എന്നിവര്‍ക്കാണ്.

മാര്‍ച്ച് എട്ടിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ശാന്താ ജോസ്

തിരുവനന്തപുരം ആര്‍സിസിയിലെ രോഗികള്‍ക്ക് സഹായകമായി ആശ്രയ എന്ന സംഘടന രൂപീകരിച്ച് 25 വര്‍ഷങ്ങളായി സേവനം നല്‍കി വരുന്നു. ആര്‍സിസിയിലെ രോഗികള്‍ക്ക് ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനപ്പുറം ക്യാന്‍സര്‍ രോഗികള്‍ക്ക് നിലവിലുള്ള സ്‌കീമുകളേയും പദ്ധതികളേയും സംബന്ധിച്ച് അവബോധം നല്‍കുന്നു. മാത്രമല്ല അവിടെ എത്തുന്ന രോഗികള്‍ക്ക് അവരുടെ ആവശ്യം അറിഞ്ഞ് സാമ്പത്തികം ഉള്‍പ്പെടെയുള്ള പലവിധ സഹായങ്ങള്‍ നല്‍കി വരുന്ന വ്യക്തിയാണ് ശാന്താ ജോസ്.

വൈക്കം വിജയലക്ഷ്മി

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ ശ്രദ്ധേയയായ പിന്നണി ഗായികയാണ് വൈക്കം വിജയലക്ഷ്മി. ജന്മനാ കാഴ്ചപരിമിതിയുള്ള വിജയ ലക്ഷ്മി കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രീവീണ വായനക്കാരി എന്നീ നിലകളിലും പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി.

ഡോ. സുനിതാ കൃഷ്ണന്‍

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് പാലക്കാട്കാരിയായ ഡോ. സുനിതാ കൃഷ്ണന്‍. മദ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥിയാണ്. മനുഷ്യാവകാശ പ്രവര്‍ത്തന മേഖലയിലെ മികവിനുള്ള രാജ്യാന്തര അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2016ല്‍ പത്മശ്രീ പുരസ്‌കാരം നേടിയിരുന്നു.

ഡോ. യു പി വി സുധ

ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയില്‍ ബംഗളുരുവില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന വനിതയാണ് ഡോ. യു പി വി സുധ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനങ്ങളുടെ രൂപകല്പനയില്‍ ഇവര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പൈലറ്റില്ലാത്ത സ്‌ട്രൈക്ക് എയര്‍ ക്രാഫ്റ്റ് വെഹിക്കിളിന്റെ രൂപകല്പനയിലും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും പങ്കാളിയായിട്ടുണ്ട്. ഇതോടൊപ്പം സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു.

RELATED ARTICLES

Most Popular

Recent Comments