ഉക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച്‌ റഷ്യ

0
97

 

ഉക്രൈനിൽ യുദ്ധം ആരംഭിച്ച പത്താം നാള്‍ റഷ്യ താൽക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിനായി ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ റഷ്യയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് താൽക്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം പത്ത് മണിക്ക് (ഇന്ത്യന്‍ സമയം 12.50) വെടിനിര്‍ത്തല്‍ നിലവില്‍ വരും.

റഷ്യയുടെ വെടിനിര്‍ത്തലിനോട് ഉക്രൈൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഉക്രൈൻ രക്ഷപ്പെടുന്നവരെ ആക്രമിക്കുമോ?, രക്ഷാപ്രവര്‍ത്തനിന് വേണ്ട വാഹന സൗകര്യം ഒരുക്കുമോയെന്നതും അറിയേണ്ടതുണ്ട്.

ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ചൈന, യു എ ഇ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചത് മുതല്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ മാനുഷിക ഇടനാഴി ഒരുക്കുമെന്നും റഷ്യ അറിയിച്ചു. ഇതിന് തങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമെന്നും റഷ്യ അറിയിച്ചു.

സുമിയിലും കീവിലും കാര്‍കീവിലുമെല്ലാം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിന് ഇതിലൂടെ അവസരം ലഭിക്കും. അതിര്‍ത്തിയില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിനായി റഷ്യ ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

പത്ത് ദിവസമായി ഉക്രൈനിൽ വ്യാപക ആക്രമണം നടത്തിയ ശേഷമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് റഷ്യയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നടപടി. ഇതിനകം ഉക്രൈന്റെ തീരഭാഗങ്ങളും ചെര്‍ണോവില്‍, കേഴ്‌സന്‍ അടക്കമുള്ള ഭാഗങ്ങളും റഷ്യന്‍ നിയന്ത്രണത്തിലായി കഴിഞ്ഞു.