എന്‍എസ്‌ഇ കോ ലോക്കേഷന്‍ അഴിമതി; ചിത്ര രാമകൃഷ്ണനെ അറസ്റ്റ് ചെയ്യും, മുന്‍കൂര്‍ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി

0
76

എന്‍എസ്‌ഇ കോ ലോക്കേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ സിഇഒ ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡൽഹി സിബിഐ കോടതി തള്ളി. ഇതോടെ ചിത്രയെ സിബിഐ സംഘം ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ, ഇതേ കേസുമായി ബന്ധപ്പെട്ട് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. എന്‍എസ്‌ഇയില്‍ നടന്ന തിരിമറികള്‍ വെളിച്ചത്തുവന്നതോടെ മുന്‍ സിഇഒ ചിത്ര രാമകൃഷ്ണന്‍, മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യം എന്നിവര്‍ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന സ്ഥിതിയായിരുന്നു.

ആനന്ദ് അറസ്റ്റിലായതിനു പിന്നാലെയാണ് ചിത്ര മുന്‍കൂര്‍ ജാമ്യം തേടിയത്. എന്‍എസ്‌ഇ കോലൊക്കേഷന്‍ കേസ് എന്നത് അല്‍ഗോരിതമിക് ട്രേഡിംഗ് വേഗത്തിലാക്കാന്‍ ചില ഉയര്‍ന്ന ഫ്രീക്വന്‍സി വ്യാപാരികള്‍ക്ക് അന്യായമായ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടതാണ്. 2018ലാണ് സെബി കേസ് എടുത്തത്.

2013 ഏപ്രില്‍ 1 മുതല്‍ ആനന്ദ് സുബ്രഹ്മണ്യന്‍ മുഖ്യ സ്ട്രാറ്റജിക് അഡൈ്വസറായിരുന്നു. പിന്നീട് 2015 മുതല്‍ 2016 ഒക്ടോബര്‍ 21 വരെ ചിത്ര രാമകൃഷ്ണ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആയിരിക്കെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായും ഉപദേഷ്ടാവായും അദ്ദേഹത്തെ വീണ്ടും നിയമിച്ചു.

എന്‍എസ്‌ഇ മുന്‍ സിഇഒയായ ചിത്ര രാമകൃഷ്ണയും ഒരു യോഗിയുമായി നടന്ന ഇമെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ചുള്ള കേസിലും ആനന്ദ് സുബ്രഹ്മണ്യന്‍ ആരോപണവിധേയനായിരുന്നു. 2018ലാണ് സെബി കേസെടുത്തത്. എന്‍എസ്‌ഇയുടെ സെര്‍വറുകളില്‍ ചില ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലായിരുന്നു കേസ്.