കുവൈത്തില്‍ കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ട സംഭവം; ഇന്ത്യാക്കാരിയായ വീട്ടുവേലക്കാരിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

0
57
symbolic image

കുവൈത്തില്‍ അര്‍ദ്ദിയ പ്രദേശത്ത്‌ കുവൈത്തി കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരിയായ വീട്ടു വേലക്കാരിയെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു .കുറ്റവാളി ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊലപാതകം നടന്ന വീട്ടില്‍ പാര്‍ട്ട്‌ ടൈം വ്യവസ്ഥയില്‍ ജോലി ചെയ്ത്‌ വരികയായിരുന്നു ഇന്ത്യക്കാരി. വീട്ടില്‍ ഉണ്ടായിരുന്ന സ്വർണവും പണവും നഷ്ടമായിട്ടില്ല. എന്നതിനാല്‍ കൊലപാതകത്തിനു പിന്നില്‍ മോഷണം അല്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

കഴിഞ്ഞ ദിവസമാണ് കുവൈറ്റിലെ അര്‍ദിയ പ്രദേശത്ത്‌ ഒരു കുടുംബത്തിലെ മൂന്നു പേരെ വീടിനകത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സ്വദേശി പൗരനും ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തെയാണു വീടിനകത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ഫോറന്‍സിക്‌ പരിശോധനയില്‍ ഇവരുടെ മരണം ചുരുങ്ങിയത്‌ നാലു ദിവസം മുമ്പെങ്കിലും സംഭവിച്ചതായാണു നിഗമനം. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച്‌ കഴുത്ത്‌ അറുത്താണു കൃത്യം നടത്തിയത്‌.