അടൂരിൽ ഡിവൈഎഫ്ഐ നേതാവിനെ വെട്ടിക്കൊല്ലാൻ ആർഎസ്എസ് ശ്രമം

0
103

പത്തനംതിട്ട അടൂര്‍ ഏനാത്ത് മണ്ണടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂര്‍ തെക്ക് സുരേഷ് ഭവനില്‍ സുനില്‍ സുരേന്ദ്രനാണ് (27) വെട്ടേറ്റത്. പരിക്കേറ്റ സുനിലിനെ അടൂര്‍ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് ആറോടെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മലങ്കാവിലേക്ക് പോകുംവഴി മാഞ്ഞാലിൽ ബൈക്ക് തടഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. പുറത്തും തുടയിലുമായുള്ള മൂന്ന്‌ വെട്ടുകളും ആഴത്തിലാണ്‌. മുറിവിൽ 26 തുന്നൽ ഇട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകരായ തുവയൂർ തെക്ക് മാഞ്ഞാലിൽ കാഞ്ഞിരുംവിളയിൽ പ്രശാന്ത് കുമാറിന്റെ മക്കളായ ശ്രീനാഥ്, ശ്രീരാജ് എന്നിവർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. 2018ൽ ശ്രീകൃഷ്ണജയന്തിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണം.

കഴിഞ്ഞയാഴ്ച മാഞ്ഞാലി ക്ഷേത്രത്തിലെ ഉത്സവദിവസം സുനിലിന്റെ അച്ഛൻ സുരേന്ദ്രനെ ശ്രീരാജിന്റെ അച്ഛൻ ബിജെപി പ്രവർത്തകനായ പ്രശാന്ത് കുമാർ മർദിച്ചിരുന്നു. ഇതിന് സുരേന്ദ്രൻ ഏനാത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സുനിൽ സുരേന്ദ്രനെ വെട്ടിപ്പരിക്കേൽപ്പിച്ചത്‌.