ദമ്പതികളുടെ കൊലപാതകം: വിധി എട്ടിലേക്ക്‌ മാറ്റി

0
94

ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ കരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ (കുഞ്ഞുമോൻ- 76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി-68) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ വിധിപറയുന്നത്‌ എട്ടിലേക്ക്‌ മാറ്റി.

ഫെബ്രുവരി 25ന് വിസ്‌താരം പൂർത്തിയായ കേസിൽ ബംഗ്ലാദേശ്‌ സ്വദേശികളായ ലബ്‌ലു ഹസൻ (39), ജൂവൽ ഹസൻ (24) എന്നിവർ കുറ്റക്കാരെന്ന് മാവേലിക്കര അഡി. ജില്ലാക്കോടതി- രണ്ട്‌ കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വൃദ്ധരെയാണ് പ്രകോപനമില്ലാതെ കൊലപ്പെടുത്തിയത്. ഇരുവരും ഒരു ചെറുത്തുനിൽപ്പും നടത്തിയില്ല. മൺവെട്ടികൊണ്ട് ഏലിക്കുട്ടി ചെറിയാന്റെ മുഖം വെട്ടിപ്പൊളിച്ച ചിത്രങ്ങൾ തെളിവായി കോടതിയിലുണ്ട്. ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് കാട്ടിയത്.

ഗൾഫിൽ ദീർഘകാലം ജോലിയെടുത്ത് വിശ്രമജീവിതം നയിക്കാൻ വന്നവർക്ക് സ്വന്തം വീടുപോലും സുരക്ഷിതമല്ല എന്ന അവസ്ഥ സമൂഹത്തെ ഭീതിയിലാക്കി. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകണമെന്ന്‌ സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച്‌ പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളുടെ പ്രായം കണക്കിലെടുക്കണമെന്നും വധശിക്ഷ പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും പ്രതിഭാഗം വാദിച്ചു.