ബൈക്ക് യാത്രക്കാരന്റെ മരണം: 11 മാസത്തിനുശേഷം ലോറി ഡ്രൈവർ അറസ്റ്റിൽ

0
40

മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിമുക്തഭടന്‍ പതിനൊന്ന് മാസം മുമ്പ് വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയായ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍ ഗുത്തു സ്വദേശി കെ ദിനേശ് (42) വാഹനമിടിച്ച്‌ മരിച്ച സംഭവത്തിൽ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സൂറംപട്ടിയിലെ രാമചന്ദ്ര(38)നാണ് അറസ്റ്റിലായത്. അപകടം വരുത്തിയ ലോറിയും കസ്റ്റഡിയിലെടുത്തു.

2021 മാര്‍ച്ച് 29ന് പുലര്‍ച്ചെ 6 മണിയോടെ തലപ്പടിയിലായിരുന്നു അപകടം. മംഗളൂരു ഗെയില്‍ കമ്പനിയിലേക്ക് ജോലിക്കായി മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്നു ദിനേശ്. ദിനേശ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു. അപകടത്തിൽ ദിനേശ് റോഡിലേക്ക് തെറിച്ചുവീണു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോകുകയായിരുന്നു. ഹൈവേയിലൂടെ കടന്ന് പോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചാണ് ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞത്.

മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് കിഴക്കുംകര, സിവില്‍ പൊലീസ് ഓഫീസര്‍ നാരായണന്‍ അമ്പലത്തറ എന്നിവരുടെ അന്വേഷണത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.