‘ഡിജിപിക്കും രക്ഷയില്ല, അനില്‍കാന്തിനും വ്യാജന്‍’; ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കവര്‍ന്നത് 14 ലക്ഷം

0
20

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി വിശ്വാസം ഉറപ്പിച്ചും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ തട്ടിപ്പുകാര്‍ കെണിയൊരുക്കിയത്. 14 ലക്ഷം രൂപയാണ് കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്. ഘട്ടംഘട്ടമായിട്ടായിരുന്നു അധ്യാപികയെ വിശ്വസിപ്പിച്ചതും പണം തട്ടിയതും.

കുണ്ടറ സ്വദേശിയായ അധ്യാപികയ്ക്ക് ആദ്യം ലഭിച്ചത് വന്‍ തുക ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്നുള്ള സന്ദേശമായിരുന്നു. സംശയം തോന്നിയ അധ്യാപിക പക്ഷേ തിരിച്ച് സന്ദേശം അയച്ചു. സന്ദേശത്തിന് മറുപടിയായി അധ്യാപികയ്ക്ക് ലഭിച്ചത് ഡിജിപി അനില്‍കാന്തിന്റെ പേരിലുള്ള സന്ദേശം. സമ്മാന തുകയ്ക്ക് ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടുമെന്നുമായിരുന്നു അറിയിപ്പ്. സന്ദേശം അയച്ച വാട്‌സ് ആപ് നമ്പറിന് ഡിജിപിയുടെ പ്രൊഫൈല്‍ ചിത്രം. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ആണെന്നും വ്യക്തമാക്കുന്നു.

സംശയം തീര്‍ക്കാന്‍ വീട്ടമ്മ പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെടുന്നു. ലഭിച്ചത് ഡിജിപി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടി. ഇതോടെ തട്ടിപ്പുകാരില്‍ അധ്യാപികയ്ക്ക് വിശ്വാസം വരുന്നു. കുരുക്ക് മുറുകുന്നു. പണം നഷ്ടപ്പെടുന്നു.അസം സ്വദേശിയുടെ പേരിലുള്ള ഒരു നമ്പര്‍ ഉപയോഗിച്ചായിരുന്നു വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പിന് വിശ്വാസ്യത നേടിയതെന്ന് പിന്നീട് ഹൈ ടെക് സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.