Wednesday
24 December 2025
21.8 C
Kerala
HomePoliticsതമിഴ്‌നാട്ടിൽ ചരിത്രം കുറിച്ച് സിപിഐ എം, മധുരൈയില്‍ ടി നാഗരാജൻ ഡെപ്യൂട്ടി മേയറാകും

തമിഴ്‌നാട്ടിൽ ചരിത്രം കുറിച്ച് സിപിഐ എം, മധുരൈയില്‍ ടി നാഗരാജൻ ഡെപ്യൂട്ടി മേയറാകും

മധുരൈ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സിപിഐ എം. ചരിത്രത്തിലാദ്യമായാണ് സിപിഐ എം മധുരൈ കോര്‍പ്പറേഷന്റെ അധികാരസ്ഥാനത്തേക്കെത്തുന്നത്. സിപിഐ എമ്മിലെ ടി നാഗരാജനെ ഡെപ്യൂട്ടി മേയറാകും. കോർപ്പറേഷനിലെ 80-ആം വാർഡായ ജയ്ഹിന്ദ് പുറത്തുനിന്നും വൻഭൂരിപക്ഷത്തിനാണ് നാഗരാജൻ തെരഞ്ഞെടുക്കപ്പെട്ടത്. മധുരൈ കോർപ്പറേഷനിൽ ഡിഎംകെ സഖ്യത്തിന് നിർണായക ഭൂരിപക്ഷമുള്ളതിനാൽ നാഗരാജൻ ഡെപ്യൂട്ടിമേയർ ആകുമെന്ന് ഉറപ്പായി.

സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമുള്ള നാഗരാജൻ നിയമ ബിരുദധാരി കൂടിയാണ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച നാഗരാജൻ സിപിഐ എം മധുരൈ ജില്ലാകമ്മിറ്റിയംഗമാണ്. നിരവധി പോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മധുരൈയിൽ നാല് സീറ്റുകളിലാണ് സിപിഐ എം വിജയിച്ചത്. നാഗരാജാണ് പുറമെ കുമരവേൽ (വാർഡ് 23), ജെന്നിയമ്മാൾ (വാർഡ് 56), വിജയ (വാർഡ് 96) എന്നിവിടങ്ങളിലാണ് സിപിഐ എം വെന്നിക്കൊടി പാറിച്ചത്‌.

ഡെപ്യൂട്ടി മേയർ സ്ഥാനംകൂടാതെ രണ്ട്‌ നഗരസഭാ ചെയർമാൻ, മൂന്ന്‌ വൈസ്‌ ചെയർമാൻ, മൂന്ന്‌ റൂറൽ പഞ്ചായത്ത്‌ പ്രസിഡന്റ്, ആറ്‌ വൈസ്‌ പ്രസിഡന്റ് സ്ഥാനവും സിപിഐ എമ്മിന്‌ ലഭിച്ചു. ഇത്‌ സംബന്ധിച്ച ധാരണപത്രം മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണന്‌ കൈമാറി.

തിരുപ്പൂർ ജില്ലയിലെ തിരുമുരുകൻപൂണ്ടിയിൽ പി സുബ്രഹ്മണ്യവും കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്‌ ആർ ലളിതയും നഗരസഭാ ചെയർമാന്മാരാകും. തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിൽ എസ്‌ രാമലോക ഈശ്വരി, കടലൂർ ജില്ലയിലെ ചിദംബരത്ത്‌ മുത്തുക്കുമരൻ, ദിണ്ഡിക്കൽ ജില്ലയിലെ പഴണിയിൽ കെ കന്ദസ്വാമി എന്നിവർ വൈസ്‌ ചെയർമാന്മാരാകും.

റൂറൽ പഞ്ചായത്തിൽ കോയമ്പത്തൂർ ജില്ലയിലെ പെരിയനായ്‌ക്കൻപാളയത്ത്‌ എൻ ശിവരാജൻ, തിരുനെൽവേലി ജില്ലയിലെ വീരവനല്ലൂരിൽ പി ഗീത, ഈറോഡ്‌ ജില്ലയിലെ അന്തിയൂരിൽ എസ്‌ ഗീത എന്നിവർ പ്രസിഡന്റുമാരാകും. ദിണ്ഡിക്കൽ ജില്ലയിലെ വടമധുരയിൽ എം മലൈച്ചാമി, തിരുച്ചിറപ്പള്ളി ജില്ലയിലെ തൊട്ടിയത്ത്‌ ആർ കലൈശെൽവി, തേനി ജില്ലയിലെ പണ്ണയാപുരത്ത്‌ എസ്‌ ചുരളിവേൽ, പുതുക്കോട്ട ജില്ലയിലെ കീരനൂരിൽ എം മഹാലക്ഷ്‌മി, തിരുപ്പൂർ ജില്ലയിലെ തളിയിൽ ജി ശെൽവൻ, നീലഗിരി ജില്ലയിലെ തേവർചോലൈയിൽ എ വി ജോസ്‌ എന്നിവർ വൈസ്‌ പ്രസിഡന്റുമാരാകും.

RELATED ARTICLES

Most Popular

Recent Comments