കാസര്‍കോട് ഒരേ സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനിനികള്‍ക്ക് പീഡനം; പൊലീസ് അന്വേഷണം തുടങ്ങി

0
91

കാസര്‍കോട് ഒരേ സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍, അമ്പലത്തറ സ്റ്റേഷനുകളിലായി ഏഴ് കേസുകൾ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ ഇപ്പോഴാണ് പുറംലോകം അറിയുന്നത്.

കുട്ടികള്‍ക്കായി സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ് ക്ലാസിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ സംഭവത്തെപ്പറ്റി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് പരാതി നൽകി. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

കൗണ്‍സിലിങ് ക്ലാസിനിടെ ഏതെങ്കിലും കുട്ടികള്‍ക്ക് നേരെ പീഡനശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കുമെന്ന് ക്ലാസ് നടത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോഴാണ് കുട്ടികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അയല്‍ക്കാരും അകന്ന ബന്ധുക്കളുമായ ആളുകള്‍ തങ്ങളെ പീഡനത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.
ലൈംഗീക പീഡനം നടന്നതായി മൊഴി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

മൂന്നുവർഷം മുമ്പത്തെ സംഭവമായതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ബേക്കല്‍ പോലീസ് പറഞ്ഞു.