ഞാനാണ് അവര്‍ക്ക് ഭക്ഷണവും വാസസ്ഥലവും കൊടുത്തത്; അല്ലാതെ നിങ്ങളല്ല; കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യയെ നിര്‍ത്തിപ്പൊരിച്ച്‌ മേയര്‍

0
33

ഉക്രൈനിൽ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ബുക്കറെസ്റ്റിലെത്തിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യയെ നിര്‍ത്തിപ്പൊരിച്ച്‌ റൊമാനിയന്‍ മേയര്‍. റൊമേനിയന്‍ നഗരത്തില്‍ എത്തിയ ഉക്രൈനിൽ നിന്നുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മേയര്‍ സിന്ധ്യയോട് കയര്‍ത്ത് സംസാരിച്ചത്. വിദ്യാര്‍ത്ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവെ, നിങ്ങള്‍ എപ്പോഴാണ് അവരെ നാട്ടില്‍ തിരിച്ചെത്തികുക എന്ന് പറയൂ എന്നാണ് മേയര്‍ വീഡിയോയില്‍ പറയുന്നതായി ഉള്ളത്.

എന്നാല്‍, എന്ത് പറയണം എന്ന് ഞാന്‍ തീരുമാനിക്കും, അവിടെ നില്‍ക്കൂ എന്ന് മറുപടി പറഞ്ഞ മന്ത്രിയോട് നിങ്ങളല്ല, ഞാനാണ് ഭക്ഷണവും വാസസ്ഥലവും കൊടുത്തത് എന്നായിരുന്നു മേയറുടെ മറുപടി. നാട്ടിലെത്തിക്കാനുള്ള നടപടികളെക്കുറിച്ച്‌ സംസാരിക്കൂ എന്ന ആവശ്യപ്പെട്ട മേയറുടെ വാക്കുകളില്‍ പ്രകോപിതനായ സിന്ധ്യയുടെ വാക്കുകള്‍ പരുഷമായതോടെയാണ് മേയര്‍ക്ക് മന്ത്രിയോട് കയര്‍ത്തു സംസാരിക്കേണ്ടി വന്നത്.

വിദ്യാര്‍ത്ഥികള്‍ കണ്ടുനില്‍ക്കെ രൂക്ഷസ്വരത്തിലായിരുന്നു മേയറുടെ മറുപടി. ‘ഇവര്‍ക്ക് അഭയമൊരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തത് ഞാനാണ്. നിങ്ങളല്ല..” ഇതായിരുന്നു മന്ത്രിക്ക് മേയറുടെ മറുപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയില്‍ മേയറുടെ പ്രതികരണം വിദ്യാര്‍ത്ഥികള്‍ കൈയടിച്ചു സ്വീകരിക്കുന്നതും കാണാം.