തീവ്രന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് മാര്‍ച്ച് ഏഴ് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
87

മാര്‍ച്ച് ഏഴ് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ ശ്രീലങ്കയ്ക്ക് 190 കിലോമീറ്റര്‍ കിഴക്കായും നാഗപട്ടണത്തിന് 430 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 520 കിലോമീറ്റര്‍ തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 580 കിലോമീറ്റര്‍ തെക്ക് – തെക്ക് കിഴക്കായുമാണ് തീവ്രന്യൂനര്‍മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി വടക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.