“ഒരു ശവപ്പെട്ടി വെക്കുന്നിടത്ത് 10 പേരെ കൂടുതൽ കയറ്റാൻ പറ്റും”; ഉക്രൈനിൽ കൊല്ലപ്പെട്ട നവീനെ അപകീർത്തിപ്പെടുത്തി ബിജെപി എംഎല്‍എ

0
88

ഉക്രൈനിൽ റഷ്യന്‍ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച് ബിജെപി എംഎൽഎ അരവിന്ദ് ബല്ലാഡ്.

“നവീനിന്റെ മൃതദേഹം കൊണ്ടുവരണമെങ്കിൽ വിമാനത്തിൽ കൂടുതൽ സ്ഥലം വേണ്ടിവരും. ഒരു ശവപ്പെട്ടി വെക്കുന്നിടത്ത് എട്ടു മുതൽ പത്തുപേരെ കൂടുതൽ കയറ്റാൻ പറ്റും” എന്നായിരുന്നു ബിജെപി അരവിന്ദ് ബല്ലാഡിന്റെ വിവാദ പരാമർശം. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അരവിന്ദ് ബല്ലാഡ് എംഎൽഎ നികൃഷ്ട പരാമർശം നടത്തിയത്.

യുദ്ധത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിക്കാന്‍ വൈകുന്നത് സംബന്ധിച്ച അരവിന്ദിന്റെ പ്രസ്‌താവന ഇങ്ങനെ: “മടക്കികൊണ്ടുവരാനുള‌ള ആളുകളെ ലഭിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. അതിലും ബുദ്ധിമുട്ടാണ് മൃതദേഹം ലഭിക്കാന്‍. മൃതദേഹം ഒരു വിമാനത്തില്‍ കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലമെടുക്കും. ഒരു ശവപ്പെട്ടി വെക്കുന്നയിടത്ത് എട്ട് മുതല്‍ പത്ത് പേര്‍ക്ക് വരെ യാത്ര ചെയ്യാൻ സാധിക്കും. അതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാൻ അതിന്റെതായ സമയമെടുക്കും.”

കര്‍ണാടകയില്‍ ഹുബ്ളി -ധാര്‍വാഡ് മണ്ഡലത്തിലെ ബിജെപി നേതാവും എംഎൽഎയുമാണ് അരവിന്ദ് ബല്ലാഡ്. നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യം മാതാപിതാക്കളും ബന്ധുക്കളും ആവർത്തിക്കുന്നതിനിടെയാണ് മൃതദേഹത്തോടുപോലും അനാദരവ് കട്ടി ബിജെപി എംഎൽഎ തന്നെ രംഗത്തുവന്നത്. ബല്ലാഡിന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അരവിന്ദ് ബല്ലാഡിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

രാവിലെ ആറ് വരെ കര്‍ഫ്യു നിലനില്‍ക്കുന്നയിടത്താണ് നവീന്‍ താമസിച്ചിരുന്നത്. ഉക്രൈൻ സൈന്യം പുറത്തിറങ്ങാന്‍ അനുവദിച്ച സമയത്ത് സാധനം വാങ്ങാന്‍ കടയില്‍ ക്യൂ നില്‍ക്കവെയാണ് നവീന്‍ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.