73കാരിയുടെ കണ്ണിൽ ഹാര്‍പ്പിക് ഒഴിച്ച്‌ അന്ധയാക്കി; പിന്നാലെ മോഷണം, വീട്ടുജോലിക്കാരി പിടിയില്‍

0
102

ഹാര്‍പ്പിക് കണ്ണിലൊഴിച്ച്‌ 73കാരിയെ അന്ധയാക്കിയശേഷം വീട്ടില്‍ നിന്ന് പണവും സ്വർണവും കവർന്ന വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സെക്കന്ദരാബാദിലാണ് ക്രൂരസംഭവം. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്‌സില്‍ താമസിക്കുന്ന ഹേമാവതിയെ അന്ധയാക്കി 40000 രൂപയും രണ്ട് സ്വർണവളകളും ഒരു സ്വർണമാലയും കവർന്ന സംഭവത്തിൽ ഭാർഗവിയെന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ ഭാർഗവി കുറ്റം സമ്മതിച്ചു.

ഹാർപ്പിക്കും സന്ദുബാമും ചേർത്ത ലായനി ഹേമാവതിയുടെ കണ്ണിലൊഴിച്ചാണ് അന്ധയാക്കിയത്. ഹേമാവതി സെക്കന്ദരാബാദിലെ നചരാം കോംപ്ലക്‌സില്‍ ഒറ്റക്കാണ് താമസം. മകന്‍ സചീന്ദര്‍ ലണ്ടനിലാണ് താമസം. മകനാണ് കഴിഞ്ഞവർഷം ആഗസ്തിൽ ഭാര്‍ഗവിയെ വീട്ടുജോലിക്കും അമ്മയെ നോക്കുന്നതിനുമായി നിയമിച്ചത്. ഏഴ് വയസ്സുള്ള മകള്‍ക്കൊപ്പം കഴിയുന്ന ഭാര്‍ഗവി ഫ്ലാറ്റിലേക്ക് താമസം മാറി. കഴിഞ്ഞ ഒക്ടോബറില്‍ ഹേമാവതി കണ്ണ് ചൊറിയുന്നത് കണ്ട ഭാര്‍ഗവി മരുന്ന് ഒഴിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ബാത്ത്‌റൂം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന ഹാര്‍പ്പിക്കും സന്ദുബാമും വെള്ളത്തില്‍ കലര്‍ത്തി കണ്ണിലൊഴിക്കുകയായിരുന്നു.

കണ്ണിനു അണുബാധയെന്നു കരുതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, ദിവസം ചെല്ലുംതോറും കാഴ്ച മങ്ങിത്തുടങ്ങിയതോടെ വിദഗ്ധ ഡോക്ടറെ കണ്ടു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഹേമാവതിയുടെ കണ്ണില്‍ വിഷം കലര്‍ന്ന മിശ്രിതം വീണിട്ടുണ്ടെന്ന് മനസിലായത്. സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നൽകി. ഭാർഗവിയെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോഴാണ് കണ്ണില്ലാത്ത ക്രൂരത പുറത്തറിയുന്നത്. ഭാർഗവിയിൽനിന്നും സ്വർണമാലയും മറ്റും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഭാര്‍ഗവിയെ റിമാന്റ് ചെയ്തു.