മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് തുടരുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എഡിറ്റർ പ്രമോദ് രാമൻ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകിയിരുന്ന കോൺഫിഡൻഷ്യൽ ഫയൽ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് എന്നാണ് വിധിപകർപ്പിൽ നിന്നും മനസിലാകുന്നത്. എന്നാൽ ഇത്തരമൊരു കോൺഫിഡൻഷ്യൽ ഫയലിനെക്കുറിച്ച് വാദം നടന്നപ്പോൾ പരാമർശമുണ്ടായിട്ടില്ല. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ലെന്നും പ്രമോദ് രാമൻ പറഞ്ഞു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിലക്ക് തുടരുമെന്ന് ഉത്തരവിട്ടത്. ജനുവരി 31നാണ് ചാനലിന്റെ സംപ്രേഷണം വിലക്കികൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിട്ടത്. ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയിരുന്നത്.
ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയായിരുന്നു ഹാജരായി. ഭരണഘടനാപരമായ പ്രശ്‌നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്ന് ദുഷ്യന്ത് ദവെ വാദിച്ചു.