വിസ്‌മയ കേസ്: പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

0
85

വിസ്‌മയ കേസില്‍ പ്രതി കിരണ്‍കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തെ ജാമ്യത്തിനാണ് പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണ്‍ കുമാറിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, കിരണിന്റെ ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോഴും ജയിലിലാണ്.

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. സ്ത്രീധന പീഡനമടക്കമുള്ള കേസിൽ പ്രതിയായതിനെത്തുടർന്ന് കിരൺകുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു.