യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കും

0
89

യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കും. ഇത്തരം ചര്‍ച്ചകള്‍ യുക്രൈന്‍ അധികൃതരുമായി നടത്തുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല അറിയിച്ചു.

ഹര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന നവീന്‍ ചൊവ്വാഴ്ചയാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സാധനങ്ങള്‍ വാങ്ങാനായി വരിനില്‍ക്കവെയായിരുന്നു ഷെല്ലാക്രമണം.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീന്‍. നവീന്റെ മൃതദേഹം ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ ചർച്ച നടത്തിവരികയാണ്. സംഘര്‍ഷ മേഖലകളില്‍പ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കുകയും തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണണമെന്നും അതിനായി നാട്ടിൽ എത്തിക്കണമെന്നും നവീനിന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ എന്നിവർ കുടുംബത്തെ ആശ്വസിപ്പിക്കാൻ വിളിച്ചപ്പോളാണ് ശേഖരപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആവശ്യമായ ശ്രമം നടത്തിവരുന്നതായും നടപടികൾ ഊർജിതമാക്കിയതായും വിദേശകാര്യ മന്ത്രാലയം അധികൃതരും അദ്ദേഹത്തെ അറിയിച്ചിരുന്നു.