സുശാന്ത് സിംഗ് രാജ്പുതിന്റെ വനിതാ മാനേജരുടെ ആത്മഹത്യ: കേന്ദ്രമന്ത്രിക്കും മകനും സമന്‍സ്

0
55

ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്കും മകനും ബിജെപി എംഎല്‍എയുമായ നിതേഷ് റാണെയ്ക്കും സമന്‍സ്. മൊഴി രേഖപ്പെടുത്തുന്നതിന് ഭാഗമായി മാര്‍ച്ച്‌ നാലിന് രാവിലെ 11 മണിക്ക് ഹാജരാകാൻ നാരായണ്‍ റാണെയോട് മാല്‍വാനി പൊലീസ് ആവശ്യപ്പെട്ടു. മാര്‍ച്ച്‌ മൂന്നിന് ഹാജരാകാന്‍ നിതേഷ് റാണെയ്ക്കും നോട്ടീസ് നല്‍കി. ദിഷ സാലിയന്റെ ബന്ധുക്കളെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇരുവര്‍ക്കുമെതിരെ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ദിഷ സാലിയന്റെ കുടുംബാംഗങ്ങളെ നാരായണ്‍ റാണെയും അദ്ദേഹത്തിന്റെ എംഎല്‍എ മകന്‍ നിതേഷ് റാണെയും വിവിധ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ആരോപണം. ദിശയുടെ അമ്മ വാസന്തി സാലിയന്റെ പരാതിയില്‍ കഴിഞ്ഞ മാസം ഇരുവര്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 211, 500, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 67 എന്നിവ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സാലിയന്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് നാരായണ്‍ റാണെ, നിതേഷ് റാണെ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാസന്തി സാലിയന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ദിഷ സാലിയന്റെ മരണത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ഇക്കാര്യത്തില്‍ നാരായണ്‍ റാണെയ്ക്കും നിതേഷിനുമെതിരെ നടപടിയെടുക്കാനും പൊലീസിനോട് ആവശ്യപ്പെട്ടു.
2020 ജൂണ്‍ 8 ന് സബര്‍ബന്‍ മലാഡിലെ ഒരു ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ദിഷ സാലിയന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ആറ് ദിവസം മുമ്പ് സുശാന്ത് സിംഗ് രാജ്പുതിനെ (34) സബര്‍ബന്‍ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.