മീഡിയാവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. സിംഗിൾബഞ്ച് നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വിലയിരുത്തി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് മീഡിയാവണിന്റെ അപ്പീൽ തള്ളിയത്.
മീഡിയാവൺ ചാനലിന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചാനൽ ഹര്‍ജി സമര്‍പ്പിച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹർജിയിൽ വാദം പൂർത്തിയാക്കിയ ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റുകയായിരുന്നു.
സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വാദത്തിനിടെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ മുദ്രവച്ച കവറിൽ ഹാജരാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയായിരുന്നു ഹാജരായത്.
ഭരണഘടനാപരമായ പ്രശ്‌നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്ന് ദുഷ്യന്ത് ദവെ വാദിച്ചു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി.
മാർഗരേഖ 9(2) പ്രകാരം ലൈസൻസ് പിൻവലിക്കാൻ കേന്ദ്രസർക്കാരിന് പൂർണ അധികാരമുണ്ടന്നാണ് കേന്ദ്ര നിലപാട്.
എന്നാൽ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇത് ഭരണഘടനാപരമായ പ്രശ്‌നമാണെന്നും മീഡിയാവൺ വാദിക്കുന്നു .കേന്ദ്രസർക്കാർ നടപടി ജുഡീഷ്യൽ പരിശോധനക്ക് വിധേയമാകണമെന്ന് വാദത്തിനിടെ ചാനൽ ആവശ്യപ്പെട്ടു.