യുദ്ധം രൂക്ഷമാകവേ നാട്ടിലേക്ക് വരാനുള്ള തന്റെ അവസരം ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ട് കൊടുത്തുകൊണ്ടാണ് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹര്‍ക്കീവ് വിടാന്‍ വഴിയൊരുങ്ങിയെങ്കിലും ആദ്യം ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പോകട്ടെ, പകരം തനിക്ക് ബുധനാഴ്ച പോകാമെന്ന കണക്കൂകൂട്ടലിലായിരുന്നു നവീന്‍ എന്ന് സുഹൃത്തും നാട്ടുകാരനുമായ അമിത് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ ഫോൺ അഭിമുഖത്തിൽ പറഞ്ഞു.
നാട്ടിലേക്ക് എത്തുന്നതിനായി ഹര്‍കീവില്‍ നിന്നും യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഹംഗറിയിലേക്ക് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പുറപ്പെട്ടിരുന്നു. സ്ഥല പരിചയം കുറവുള്ള ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ ആദ്യം മടങ്ങട്ടെയെന്ന തീരുമാനത്തില്‍ സംഘത്തില്‍ നിന്നും നവീന്‍ മാറിനിന്നു. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ കഴിയുകയായിരുന്ന നവീന്‍ കര്‍ഫ്യൂവില്‍ ഇളവുള്ളപ്പോള്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നതെന്നും അമിത് പറഞ്ഞു.
മരണപ്പെടുന്ന ദിവസം രാവിലെ നവീന്‍ സുഹൃത്തുക്കളിലൊരാളെ ഫോണില്‍ വിളിച്ച് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് അതേ നമ്പറില്‍ നിന്നും വിളിച്ച ഒരു അപരിചിതനാണ് നവീന്‍ കൊല്ലപ്പെട്ടതായി അറിയിച്ചതെന്നും സുഹൃത്ത് ഓര്‍ത്തെടുത്തു. നാട്ടിലേക്കുള്ള യാത്രക്ക് മുന്നോടിയായി ഭക്ഷണ സാധനങ്ങള്‍ വാങ്ങാനും കറന്‍സി മാറ്റാനുമായി പുറത്തിറങ്ങിയപ്പോഴായിരുന്നു നവീന്‍ യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് നവീന്‍. നവീനിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.