യുവതിയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

0
45

എടക്കരയിൽ യുവതിയെ വെട്ടി പരിക്കേല്‍പിച്ച ശേഷം മധ്യവയസ്‌ക്കന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേരെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചുങ്കത്തറ കൈപ്പിനി അമ്പലപൊയിലില്‍ ബുധനാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. തരിയക്കോട് അഷറഫ് (55) ആണ്‌ കാമുകി ശാന്തകുമാരി (47) യെ വെട്ടി പരിക്കേല്‍പിച്ചത്. പുലര്‍ച്ചെ 4.30 തോടെ ശാന്തകുമാരി തൊഴുത്തില്‍ പശുവിനെ കറക്കുന്നതിനിടയില്‍ അഷറഫ് വെട്ടുകയായിരുന്നു.

വിവാഹിതനായ അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ശാന്തകുമാരി വിവാഹിതയല്ല. ഏറെ കാലമായി ഇവര്‍ തമ്മില്‍ സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ അഷറഫ് ശാന്തകുമാരിയെ ദേഹോപദ്രവം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അഷറഫുമായി അകലുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനിടയില്‍ അഷറഫ് വീണ്ടും ശല്യം ചെയ്‌തതോടെ ചൊവ്വാഴ്ച എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു.