സിപിഐ എം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയിൽ തുടക്കമായി

0
66

വാനിൽ ചെങ്കൊടിപാറി, നിറയെ ചുവന്നു നിൽക്കുന്ന സമ്മേളന നഗരിയിൽ ആവേശമായി പതാകഗാനവും ചുവന്നബലൂണുകളും ഉയർന്നുപൊങ്ങി. മറൈൻ ഡ്രൈവിലെ ബി രാഘവൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തിയോടെ സിപിഐ എം 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി നാലുനാൾ നീളുന്ന സംസ്‌ഥാന സമ്മേളനത്തിന്‌ തുടക്കമായി.

രക്‌തസാക്ഷി മണ്‌ഡപത്തിൽ പുഷ്‌പാർച്ചന നടത്തി അഭിവാദ്യമർപ്പിച്ച പ്രതിനിധികൾ സമ്മേളന വേദിയിലേക്ക്‌ പ്രവേശിച്ചു. സ്വാഗതഗാന ആലാപനത്തോടെ സമ്മേളനം തുടങ്ങി . രക്‌തസാക്ഷി പ്രമേയം ഇ പി ജയരാജനും അനുശോചന പ്രമേയം എ കെ ബാലനും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്‌തു.

പി രാജീവ്‌ സ്വാഗതം ആശംസിച്ചു. ഇ പി ജയരാജന്‍ കണ്‍വീനറായി സൂസന്‍ കോടി, എ എ റഹീം, സച്ചിന് ദേവ് , ഒ ആര്‍ കേളു എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌.

സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌ പങ്കെടുക്കുന്നത്‌. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ബൃന്ദ കാരാട്ട്‌, ജി രാമകൃഷ്‌ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. 12.15ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. വൈകിട്ട്‌ 5.30ന്‌ ഗ്രൂപ്പുചർച്ച തുടങ്ങും.

നാലുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്നതിനൊപ്പം നവകേരളനിർമിതിക്കായുള്ള നയരേഖയും സമ്മേളനം ചർച്ച ചെയ്യും. ഭാവി കേരളത്തിന്റെ വികസനത്തിനുള്ള കർമപരിപാടികൾക്ക്‌ പുതിയ കാഴ്‌ചപ്പാട്‌ നൽകാനുള്ള നയരേഖ ചൊവ്വ വൈകിട്ട്‌ നാലിന്‌ പൊളിറ്റ്‌ ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.