ഉക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം; 70ലധികം പേര്‍ കൊല്ലപ്പെട്ടു

0
39

ഉക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കി ആക്രമണം. സംഭവത്തില്‍ 70 ലധികം ഉക്രൈൻ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഉക്രൈൻ തലസ്ഥാനമായ കീവിനും ഖാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായതായി ഉക്രൈൻ അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു പിന്നാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഒഖ്തിര്‍ക മേഖലാ തലവന്‍ ദിമിത്രോ സീലിയസ്‌കി ടെലഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതിനിടെ, കീവ് ലക്ഷ്യമാക്കി 40 മൈല്‍ (65 കിലോമീറ്റര്‍) ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച റഷ്യയുടെ ആക്രമണത്തിൽ 14 കുട്ടികളടക്കം 352 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഉക്രൈൻ അധികൃതർ പറഞ്ഞു. ഒരു ലക്ഷത്തിലേറെപ്പേർ പലായനം ചെയ്തു.

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ ​​പുടിൻ തന്റെ നിബന്ധന വെച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത്.