കേരളത്തിനെതിരെ മാതൃഭൂമി, വലിച്ചു കീറി സമൂഹമാധ്യമങ്ങൾ

0
27

മാതൃഭൂമിക്ക് കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് എത്രമാത്രം കലിപ്പുണ്ട് എന്നറിയാൻ കൂടുതലൊന്നും പോകേണ്ട. ഇന്നലെയുള്ള മാതൃഭമി പത്രം മാത്രം കണ്ടാൽ മതി. ഉക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട വർത്തയിലാണ് മാതൃഭൂമി കേരളത്തോടുള്ള തങ്ങളുടെ പക വീട്ടുന്നത്. നാഥനില്ലാത്ത ആ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്. ഉക്രെയിനിൽ നിന്ന് ഡൽഹി എയർപോർട്ടിൽ എത്തിയ 30 മലയാളികൾക്ക് കേരള ഹൗസ് അയച്ചത് 2 കാറുകൾ, ഉത്തർപ്രദേശ് സർക്കാർ അയച്ചത് ആഡംബര ബസ് എന്നായിരുന്നു. കടുത്ത കമ്യുണിസ്റ്റ് വിരോധവും തങ്ങളുടെ മോഹങ്ങൾ നടക്കാതെ പോയതിലുള്ള ജാള്യവും ഒക്കെ മാതൃഭൂമി ഇങ്ങനെ കേരളത്തോട് തീർക്കുകയാണ്.

എന്നാൽ വസ്തുത ഈ വാർത്തയിൽ മാതൃഭൂമി പറഞ്ഞിട്ടുമില്ല. യാഥാർഥ്യം ഇങ്ങനെയാണ്. ഉക്രൈനിൽ നിന്നും ഡൽഹി എയർപോർട്ടിൽ എത്തിയ പകുതിയിലധികം വിദ്യാർത്ഥികളെ എയർപോർട്ടിൽ നിന്ന് കേരളം അപ്പോൾത്തന്നെ സർക്കാർ ചെലവിൽ വിമാനത്തിൽ കേരളത്തിലേക്കയച്ചു. ബാക്കിയുള്ളവർക്ക് കുറച്ചുനേരം വിശ്രമിക്കാൻ കേരള ഹൗസിൽ സൗകര്യം ഒരുക്കി. എയർപോർട്ടിൽ നിന്ന് കേരള ഹൗസിലേക്ക് 10-15 മിനിറ്റ് യാത്ര മാത്രം.

ഇനി അയച്ച വാഹനത്തിന്റെ വസ്തുത. വകുപ്പു സെക്രട്ടറിമാർക്കു നൽകുന്ന നാല് ഷിയാസ് കാറുകളും രണ്ട് എർട്ടിഗ കാറുകളും രണ്ട് ഇന്നോവാ കാറുകളുമടക്കം എട്ട് കാറുകളാണ് ആദ്യ ഫ്‌ളൈററിലെത്തിയ കുട്ടികൾക്കായി ക്രമീകരിച്ചിരുന്നത്. ഏഴു പേർ സഞ്ചരിക്കുന്ന കാറുകളിൽ അഞ്ചു പേർ മാത്രമാണ് സഞ്ചരിച്ചത്. മറ്റ് കാറുകളിൽ നാലു പേരും. അവസാനത്തെ കാറിൽ സഞ്ചരിക്കാൻ വിദ്യാർത്ഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതിനാണ് രണ്ടു കാറുകൾ അയച്ചത് എന്ന വ്യാജവാർത്ത മാതൃഭൂമി കൊടുത്തത്. തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികളുടെ യാത്രയും ഭക്ഷണവും അടക്കം എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ തന്നെയാണ് ഏറ്റെടുത്ത്. അതായത് തികച്ചും സൗജന്യമായാണ് വിദ്യാർത്ഥികൾക്ക് എല്ലാ സൗകര്യവും ഒരുക്കിയത് എന്നർത്ഥം. ഇതെവിടെയും മാതൃഭൂമി വാർത്തയിൽ പറഞ്ഞിട്ടില്ല. മാത്രമല്ല, ഉത്തർപ്രദേശകട്ടെ വിദ്യാർത്ഥികളെ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകാനാണ് ബസ് അയച്ചത്. ഇതിനെയാണ് മാതൃഭൂമി വളച്ചൊടിച്ച് കേരളത്തിനെയാകെ ആക്ഷേപിക്കുന്ന തരത്തിൽ വാർത്ത കൊടുത്തത്.

ഉക്രൈനിൽ നിന്നും എത്തുന്ന എല്ലാ മലയാളി വിദ്യാർത്ഥികൾക്കും സൗജന്യമായി കേരളത്തില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നൽകി. ഈ പ്രവർത്തനങ്ങൾ ഏകോപിക്കാൻ സർക്കാരും നോർക്കയും കൂട്ടായി പ്രവർത്തിക്കുകയും ചെയ്തു. ഇപ്പോഴും ആ പരിശ്രമം തുടരുന്നുമുണ്ട്. എന്നാൽ, ഈ പ്രവർത്തനങ്ങളെയാകെ ഇകഴ്ത്തി കാട്ടുന്ന തരത്തിൽ വാർത്ത കൊടുക്കുകയായിരുന്നു ദേശീയ പാരമ്പര്യം എന്നൊക്കെ വായിട്ടലക്കുന്ന മാതൃഭൂമി ചെയ്‍തത്.

മാതൃഭൂമിയുടെ കലിപ്പിന് പിന്നിൽ മറ്റുചില കാരണങ്ങൾ കൂടിയുണ്ട്. ഉക്രൈൻ റഷ്യ സംഘർഷം തുടങ്ങിയപ്പോൾ വാർത്തക്കൊപ്പം പഴയൊരു വീഡിയോ ഗെയിമിന്റെ യുദ്ധദൃശ്യം കാണിച്ച്‌ മാതൃഭൂമി ചാനൽ വീട്ടിലായിരുന്നു. യുദ്ധവാർത്തകൾ നൽകുന്നതിൽ തങ്ങളാണ് മുന്നിലെന്ന്‌ വരുത്താൻ ARM 3 എന്ന വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണ്‌ ലൈവ്‌ യുദ്ധദൃശ്യമെന്ന്‌ പറഞ്ഞ്‌ മാതൃഭൂമി സംപ്രേഷണം ചെയ്‌തത്‌. റഷ്യൻ യുദ്ധവിമാനങ്ങൾ ഉക്രെയ്‌ന്റെ വ്യോമാക്രമണത്തിൽ നിന്നും തലനാരിഴക്ക്‌ രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളാണെന്നാണ്‌ അവതാരിക പറഞ്ഞത്‌. 2013ൽ ഇറങ്ങിയ വീഡിയോ ഗെയിമിന്റെ ദൃശ്യങ്ങളാണിതെന്ന്‌ സോഷ്യൽ മീഡിയയിൽ ഉടനെ വിമർശനവും ട്രോളുകളും നിറഞ്ഞു. മാതൃഭൂമിയുടെ ഈ പെരുങ്കള്ളം സമൂഹ മാധ്യമങ്ങൾ കയ്യോടെ പിടികൂടി പൊളിച്ചടുക്കി കയ്യിൽ കൊടുത്തു. ഇതോടെ ചാനലിന് മാപ്പു പറയേണ്ടിവന്നു. ഇതിലുള്ള ജാള്യത മാതൃഭൂമിക്ക് ഇതുവരെ മാറിയിട്ടില്ല.

അതിനുമുമ്പേ ഇല്ലാത്ത ഒരു കടത്തുകാരന്റെ വാർത്ത കൊണ്ടുവന്നതും മാതൃഭൂമി നാണം കെട്ടിരുന്നു. സ്തോഭജനകമായി ഈ വാർത്ത അവതരിപ്പിക്കുന്നു. എന്നാൽ, ഇടതുപക്ഷ പ്രവർത്തകരും അനുഭാവികളും ഈ കള്ളം മണിക്കൂറുകൾക്കകം പൊളിച്ച് കയ്യിൽ കൊടുത്തു. എന്ന് ഈ നിമിഷം വരെ ആ കടത്തുകാരനെപ്പറ്റി മാതൃഭൂമി ഒരു തെളിവോ വാർത്തയോ കൊടുത്തിട്ടില്ല. ഇത്തരത്തിൽ തങ്ങളുടെ പേരും കള്ളങ്ങളും വ്യാജവാർത്തകളും ഇടതുപക്ഷ ഹാൻഡിലുകൾ ഒരു ഡേയും കൂടാതെ പൊളിച്ചടുക്കത്തിലുള്ള പക തീർക്കാനാണ് കേരളത്തിനെയാകെ താഴ്ത്തിക്കെട്ടുന്ന തരത്തിൽ വീണ്ടും വ്യാജവാർത്ത കൊടുത്തത്. അതിനായി താരതമ്യം ചെയ്തതാകട്ടെ ഉത്തർപ്രദേശുമായും. അല്ലെങ്കിലും മാതൃഭൂമിക്ക് ഈയിടെയായി യോഗി സ്നേഹം വല്ലാതെ കൂടുന്നുണ്ട്. ചുമ്മാതല്ല കൽപ്പറ്റയിലെ ജനങ്ങൾ നിങ്ങളുടെ മുതലാളിയെ തോൽപ്പിച്ച് മൂലക്കിരുത്തിയത്. എന്തായാലും കൽപ്പറ്റയുടെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.