ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം: റഷ്യ-ഉക്രൈൻ സ്ഥാനപതികളെ വിളിപ്പിച്ച്‌​ വിദേശകാര്യ മന്ത്രാലയം

0
56

ഉക്രൈനിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കര്‍ണാടക ഹവേരി ജില്ലയിലെ ചെല​ഗെരി സ്വദേശി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യന്‍, ഉക്രൈൻ സ്ഥാനപതികളെ വിളിപ്പിച്ച്‌​ വിദേശകാര്യ മന്ത്രാലയം. ന്യൂഡല്‍ഹിയിലെ വിദേശ മന്ത്രാലയത്തിലേക്ക്​ റഷ്യന്‍, ഉക്രൈൻ സ്ഥാനപതിമാരെ വിളിപ്പിച്ച ഇന്ത്യ തങ്ങളുടെ പൗരന്മാര്‍ക്ക്​ സംരക്ഷണം നല്‍കണമെന്നും അവരെ അതിര്‍ത്തിയില്‍ സുരക്ഷിതരായി എത്താന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.

ഗ്രോസറിയിലേക്ക്​ പോയ സമയത്ത്​ നടന്ന ഷെല്ലാക്രമണത്തിലാണ്​ നവീന്‍ കൊല്ലപ്പെട്ടതെന്ന്​ വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍​ നവീന്‍റെ കുടുംബത്തെ അറിയിക്കുകയായിരുന്നു​. സുഹൃത്തുക്കളും പഠനത്തിനായി കൊണ്ടുപോയ സ്റ്റുഡന്‍റ്​ കോണ്‍ട്രാക്ടര്‍മാരും നവീനെ തിരിച്ചറിഞ്ഞുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1500ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്ന ഖാര്‍കീവില്‍ നിന്ന്​ റഷ്യന്‍ അതിര്‍ത്തി വഴി തങ്ങളെ രക്ഷപ്പെടുത്തണമെന്ന്​ മലയാളികള്‍ അടക്കമുള്ളവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ്​ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ദാരുണാന്ത്യം.

നവീന്‍റെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുവരുമോ എന്ന്​ ചോദിച്ച കുടുംബ​ത്തോട്​ അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇതൊരു യുദ്ധമുഖമാണെന്നും മൃതദേഹം ഖാര്‍കീവിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും വിദേശ മന്ത്രാലയ വക്​താവ്​ പറഞ്ഞു.

രാവിലെ പത്തര മണിക്ക്​ സാധനങ്ങള്‍ വാങ്ങാനായി ഗ്രോസറിയിലേക്ക്​ പോയ നവീനെ വെടിവെച്ചുകൊന്നുവെന്ന വിവരമാണ്​ ഖാര്‍കീവിലുള്ള മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ ആദ്യം നല്‍കിയത്​. വെടിവെച്ചത്​ റഷ്യയുടെയോ ഉക്രൈന്റെയോ ഭടന്മാരോ തോക്കു കിട്ടിയ യുക്രൈന്‍ പൗരന്മാരോ ആണെന്ന്​ അറിയില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.