തലശ്ശേരിയിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി അറസ്‌റ്റിൽ. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്ന് പോലീസ് വ്യക്‌തമാക്കി. കേസിലെ ഒന്നാംപ്രതി ബിജെപി കൗൺസിലർ ലിജേഷും കൊലയാളി സംഘാംഗമാണ്. കഴിഞ്ഞ ദിവസം കേസിലെ നാല് പ്രതികളെ കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. ബിജെപി തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കൊമ്മൽവയലിലെ കെ ലിജേഷ് (37), പുന്നോലിലെ കെവി വിമിൻ (26), അമൽ മനോഹരൻ (26), ഗോപാൽപേട്ടയിലെ എം സുനേഷ് (മണി 39) എന്നിവരെയാണ് അഞ്ച് ദിവസത്തേക്ക് കോടതി കസ്‌റ്റഡിയിൽ വിട്ടത്.
ലിജേഷ് ഒഴികെയുള്ള പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. ഗൂഢാലോചനയിലും പ്രതികൾക്ക് സഹായം ചെയ്‌തു നൽകിയതിലുമാണ് ഇവർ പിടിയിലായത്. പോലീസ് മർദ്ദിച്ചുവെന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നാം പ്രതി ലിജേഷ് പരാതി ഉന്നയിച്ചു.
പ്രതികളെ 10 ദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്റെ അപേക്ഷ. എന്നാൽ തലശ്ശേരി ജുഡീഷൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്‌റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.
മൽസ്യ തൊഴിലാളിയായ ഹരിദാസൻ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റിരുന്നു. രക്ഷപ്പെടാൻ മതിൽ ചാടുന്നതിനിടെ വെട്ടി വീഴ്‌ത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഹരിദാസിന്റെ ഇടതുകാൽ അറുത്ത് മാറ്റി വലിച്ചെറിഞ്ഞിരുന്നു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.