കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം : മുഖ്യമന്ത്രി

0
42

വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ലഭ്യമായ ട്രെയിൻ സർവീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിർദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണം.

യുക്രൈനിൽ നിന്ന് ഇന്നലെ ഡൽഹിയിൽ എത്തിയ 36 വിദ്യാർത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു. ഇതിൽ 25 പേരെ ഇന്ന് രാവിലെ 5.35 ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിച്ചു. 11 പേരെ 8.45 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്ലൈറ്റിലും നാട്ടിലെത്തിച്ചു.

ഇന്ന് രണ്ട് ഇൻഡിഗോ ഫ്‌ളൈറ്റുകൾ കൂടി ഡൽഹിയിലെത്തി. ബുക്കാറസ്റ്റിൽ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റിൽ നിന്ന് 10.55നും പുറപ്പെട്ട ഫ്‌ളൈറ്റുകളാണ് ഇന്ന് ഡൽഹിയിൽ എത്തിയത്. ബുക്കാറസ്റ്റിൽ നിന്ന് ഇന്ന് രാവിലെ 11.30 ന് ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20 ന് ഡൽഹിയിലെത്തും.