ഉക്രയ്‌നിൽ കുടുങ്ങിയ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ഉടൻ നാട്ടിലെത്തിക്കുക: സിപിഐ എം സംസ്ഥാന സമ്മേളന പ്രമേയം

0
123

ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരായ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ നാട്ടിലെത്തിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ പ്രമേയം. ഉക്രയ്നിലെ ഹർക്കീവിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർഥി നവീൻ ജി ശേഖരപ്പ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചത്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കുകയാണെന്നും ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഇവരുടെ ജീവൻ പോലും ഭീഷണി നേരിടുകയാണെന്നും പ്രമേയ കമ്മറ്റിക്ക് വേണ്ടി എം വിജയകുമാർ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു.

ഉന്നത പഠനത്തിനായി ഉക്രയ്‌നിൽ എത്തിയ വിദ്യാർഥികൾ ഉൾപ്പെടെ ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഇവിടെ പല നഗരങ്ങളിലായി പഠനത്തിലേർപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ള ജനങ്ങൾ ബങ്കറുകളിൽ ഗത്യന്തരമില്ലാതെ അഭയം തേടി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ സഹായ അഭ്യർഥന നടത്തിക്കൊണ്ടിരിക്കുകയാണ്. ഉക്രയ്ൻ നഗരങ്ങളിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിലേക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വ്യോമഗതാഗതം പൂർണ്ണമായി സ്‌തംഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ഉക്രയിൻ അധികൃതരുമായും അയൽ രാജ്യങ്ങളിലെ സർക്കാരുകളുമായും അടിയന്തിര ചർച്ച നടത്തി വിദ്യാർഥികൾക്ക് ഉൾപ്പെടെ സുരക്ഷിത പാത ഒരുക്കുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ കൂടുതൽ ജാഗ്രവത്തായ ഇടപെടൽ ഉണ്ടാവേണ്ടതുണ്ട്- പ്രമേയത്തിൽ പറഞ്ഞു

റഷ്യ -ഉക്രയ്ൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തുറന്ന ഏറ്റുമുട്ടൽ ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യൻ വംശജരെ രാജ്യത്തെത്തിക്കാൻ, ഇന്ത്യാ സർക്കാർ ജാഗ്രത കാണിച്ചില്ലെന്ന പരാതി വ്യാപകമായുണ്ട്. ഇന്ത്യക്കാരായ വിദ്യാർഥികൾ യാതന നേരിടുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുതുകയും പ്രധാനമന്ത്രിയുമായി സംസാരിക്കുകയും ചെയ്തു.

തുടർച്ചയായ ഇടപെടൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്‌. ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യ കണക്കിലെടുത്ത് അടിയന്തിര ഇടപെടൽ ക്രേന്ദ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു .