“രാവിലെ വിളിച്ചു സംസാരിച്ചതാണ്, ദിവസേന രണ്ടും മൂന്നും തവണ ഫോൺ ചെയ്യുമായിരുന്നു”- നവീന്റെ അച്ഛൻ ശേഖർ ഗൗഡ

0
25

“സംഘർഷം തുടങ്ങിയശേഷം അവൻ എല്ലാ ദിവസവും വിളിക്കുമായിരുന്നു. ദിവസേന രണ്ടും മൂന്നും തവണ ഫോൺ ചെയ്യും. ഇന്ന് പുലർച്ചെയും വിളിച്ചതാണ്. കൂടുതൽ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. പിന്നെ അറിയുന്നത് ഈ വിവരമാണ്”- നവീന്റെ അച്ഛൻ ശേഖർ ഗൗഡ നിറകണ്ണുകളോടെ ഓർത്തെടുത്തു. ഉക്രൈനിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി കര്‍ണാടക ഹവേരി ജില്ലയിലെ ചെല​ഗെരി സ്വദേശി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ട വിവരമറിഞ്ഞ് ആശ്വസിപ്പിച്ച കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയോടാണ് ശേഖർ ഗൗഡ ഈ വിവരം പങ്കുവെച്ചത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ടുതവണ ഫോൺ ചെയ്തിരുന്നു. മറ്റു കാര്യങ്ങൾ വിശദമായി ഒന്നും പറഞ്ഞില്ലെന്നും ശേഖർ ഗൗഡ പറഞ്ഞതായി ‘ഡെക്കാൻ ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു. നവീന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്താമെന്നും അതിനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ടെന്നും ബസവരാജ്‌ ബൊമ്മ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ശേഖർ ഗൗഡയെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. നവീനിന്റെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു.
താമസിക്കുന്ന കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ നവീനോട് ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങളും പറഞ്ഞു. വീഡിയോ കോള്‍ ചെയ്യുമ്പോഴാണ് നവീനോട് അവരുടെ കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടത്.

അവന്റെ പ്രഭാത ഭക്ഷണത്തെക്കുറിച്ചും ഭക്ഷണം ലഭിക്കുന്നതിനെക്കുറിച്ചും വീട്ടുകാര്‍ സംസാരിച്ചു. ധൈര്യമായിരിക്കാനും വിവരങ്ങള്‍ ഫോണിലൂടെ അറിയിക്കാനും മാതാപിതാക്കള്‍ നവീനോട് ആവശ്യപ്പെട്ടിരുന്നു. നവീന്റെ അപ്രതീക്ഷിത മരണം കുടുംബത്തെ ആകെ ഉലച്ചിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോള്‍ വരെ യുദ്ധം അവസാനിക്കുമെന്നും സാധരണഗതിയില്‍ ആകുമെന്നും നവീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു- സഹോദരങ്ങൾ പറഞ്ഞു.