“നവീൻ പോയതിനുപിന്നാലെ വ്യോമാക്രമണം, പിന്നെ കേട്ടത് ഫോണിന്റെ ഉടമയെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നു എന്ന മറുപടിയും”- ഞെട്ടലോടെ പൂജ പ്രഹരാജ്

0
123

“ഷെല്ലാക്രമണത്തിന് അല്‍പം ശമനം വന്നതോടെ ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു നവീൻ. രണ്ടുമണിക്കൂറായി ക്യൂവില്‍ കാത്ത് നില്‍ക്കവേയാണ് അപ്രതീക്ഷിതമായി വ്യോമാക്രമണം ഉണ്ടായതു. നടുക്കുന്ന സ്ഫോടനശബ്ദമാണ്‌ കേട്ടത്. അൽപ്പം കഴിഞ്ഞ് നവീനിന്റെ ഫോണിലേക്ക് വിളിച്ചപ്പോൾ എടുത്തത് ഉക്രൈൻ വനിതയാണ്. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഈ ഫോണിന്റെ ഉടമയെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നു എന്ന മറുപടിയാണ് അവർ നൽകിയത്. ആകെ തകർന്നുപോയി. ഇപ്പോഴും വല്ലാത്ത ഒരു മരവിപ്പിലാണ്’- ഖാര്‍ഖീവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ പൂജ പ്രഹരാജ് എൻഡിടിവിയോട് വെളിപ്പെടുത്തി.

ഉക്രൈൻ ഖാര്‍ഖീവിലെ ഷെല്ലാക്രമണത്തില്‍ കര്‍ണാടക ഹാവേരിയിലെ ശേഖർ ഗൗഡയുടെ മകനും ഖാര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ഗവര്‍ണറുടെ വസതിക്ക് തൊട്ടുപിന്നിലുള്ള ഫോര്‍ത്ത് ഹോസ്റ്റല്‍ എന്ന ബങ്കാറിലായിരുന്നു നവീനും കൂട്ടുകാരും കഴിഞ്ഞിരുന്നത്. ഹോസ്റ്റലില്‍ ഉള്ള മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ഇവിടെ ഭക്ഷണം കൊടുക്കാറുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂവില്‍ ഒന്നോ രണ്ടോ മണിക്കൂറായി ഭക്ഷണവും വെള്ളവും വാങ്ങാൻ നില്‍ക്കുകയായിരുന്നു അവന്‍. അപ്പോഴാണ് പെട്ടെന്ന് വ്യോമാക്രമണം ഉണ്ടായത്. ആ ഷെല്ലാക്രമണത്തില്‍ ഗവര്‍ണറുടെ വസതി തകര്‍ന്നു. ഇതിനുപിന്നാലെയാണ് മരണവർത്തയും അറിഞ്ഞതെന്നും പൂജ പ്രഹരാജ് പറഞ്ഞു.

ഷെല്ലാക്രമണത്തിന് അല്‍പം ശമനം വന്നതോടെ വിദ്യാര്‍ത്ഥികള്‍ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിദ്യാർഥികൾ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം നേരിട്ടതോടെയാണ് ഇന്നും ഇന്നലെയുമായി പുറത്തേക്കിറങ്ങിയതെന്നും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ അതിരൂക്ഷമായതോടെ കീവിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഇന്നു തന്നെ നഗരം വിടണമെന്ന് ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ട്രെയിനോ മറ്റേതെങ്കിലും മാര്‍ഗമോ ഉപയോഗിച്ച്‌ പുറത്തു കടക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ സൈന്യത്തിന്റെ വന്‍പട കീവിലേക്ക് തിരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇന്ത്യന്‍ എംബസി പുതിയ നിർദ്ദേശം നൽകിയത്.