‘ഉങ്കളില്‍ ഒരുവന്‍’; എം കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചെയ്തു, ആശംസയർപ്പിച്ച് പിണറായി വിജയനും

0
209

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു. ചെന്നൈയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ മുതിര്‍ന്ന ഡിഎംകെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ദുരൈമുരുഗന്‍ പുസ്തകം ഏറ്റുവാങ്ങി. ‘ഉങ്കളില്‍ ഒരുവന്‍’ എന്ന പേരിലാണ് ആത്മകഥ.

പ്രകാശനച്ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും അപകടഭീഷണി നേരിടുമ്പോൾ എന്നും മുന്നിൽനിന്നു പ്രതിരോധിക്കാൻ എം കെ സ്റ്റാലിന്‍ ഉണ്ടാകാറുണ്ടെന്ന് ആശംസയർപ്പിച്ച് സംസാരിക്കവെ പിണറായി വിജയന്‍ പറഞ്ഞു.
‘തമിഴും കേരളവും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. ദ്രാവിഡ രാഷ്ട്രീയം സാധാരണക്കാരുടെ സംരക്ഷണമാണ് മുന്നോട്ടുവെയ്ക്കുന്നത്. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറുപത്തിയെട്ടിലെത്തി നില്‍ക്കുന്ന സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള ജീവിതമാണ് ആത്മകഥയുടെ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യകാല ജീവിതം, സ്‌കൂള്‍ ജീവിതം, കോളേജ് ദിനങ്ങള്‍, രാഷ്ട്രീയത്തോടുള്ള താല്‍പര്യം, ആദ്യ പ്രസംഗം, സിനിമാ മേഖലയിലെ അനുഭവം, വിവാഹം, മിസയുടെ ആദ്യഘട്ടം എന്നിവയെല്ലാം ‘ഉങ്കളില്‍ ഒരുവന്റെ’ ആദ്യ ഭാഗത്തിലുണ്ടാകുമെന്ന് സ്റ്റാലിന്‍ അറിയിച്ചു. പുസ്തക പ്രകാശന ചടങ്ങിലെ ബിജെപി ഇതര കക്ഷികളുടെ കൂട്ടായ്മയായി മാറി.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായ കനിമൊഴി, കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.