റഷ്യൻ ചാനലുകൾക്ക് മോണിറ്റൈസേഷൻ നിർത്തലാക്കി യൂട്യൂബും

0
72

ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ മാധ്യമങ്ങൾക്ക് മോണിറ്റൈസേഷൻ നൽകുന്നത് നിർത്തലാക്കി യൂട്യൂബും. നേരത്തെ മെറ്റ കമ്പനി ഫേസ്ബുക്കിൽ നിന്നുള്ള മോണിറ്റൈസേഷൻ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബും സമാന നടപടിയുമായി രംഗത്തുവന്നത്. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ ഔട്ട്ലെറ്റ് ആർടിക്കും മറ്റ് റഷ്യൻ ചാനലുകൾക്കും ലഭിക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനമാണ് യൂട്യൂബ് നിർത്തലാക്കിയത്.

‘അസാധാരണ സാഹചര്യങ്ങൾ’ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയനും വിവിധ രാജ്യങ്ങളും റഷ്യയ്‌ക്ക് ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ റഷ്യൻ ചാനലുകൾക്ക് യൂട്യൂബ് വഴി വരുമാനം നൽകുന്നത് നിർത്തലാക്കുകയാണെന്ന് യൂട്യൂബ് അറിയിച്ചു.

മോണിറ്റൈസേഷൻ വിലക്ക് ലഭിച്ച യൂട്യൂബ് ചാനലുകളിൽ നിന്നുള്ള വീഡിയോകൾ ഇനിമുതൽ റെക്കമൻഡ് ചെയ്യപ്പെടുന്നതും കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. യൂട്യൂബിന്റെ വക്താവ് ഫർഷാദ് ഷാദ്ലൂവാണ് ഇക്കാര്യം അറിയിച്ചത്. റഷ്യ 24, ടാസ്, റിയ നൊവോസ്റ്റ് പോലുള്ള റഷ്യൻ പ്രൊപ്പഗണ്ട ചാനലുകളിലെ വീഡിയോകൾക്കാണ് ഇതോടെ ഉക്രൈനിൽ നിരോധനം വന്നത്.