ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗം രണ്ടുതവണ കൊല്ലാനും പദ്ധതിയിട്ടു

0
88

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച അന്വേഷണം ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ഭര്‍ത്താവിനെ
രണ്ടുതവണ കൊലപ്പെടുത്താനും പദ്ധതിയിട്ടു. മുമ്പ് രണ്ടു തവണ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സൗമ്യ പദ്ധതിയിട്ടിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ആദ്യം ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനായിരുന്നു സൗമ്യയും സംഘവും പദ്ധതിയിട്ടത്.

ഇതിന് വേണ്ടി എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് പിടികൂടിയേക്കുമോയെന്ന ഭയത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താനും പദ്ധതിയിട്ടു.ഇതും ഉപേക്ഷിച്ചാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ സംഘം തീരുമാനിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഒരു മാസം മുന്‍പ്, എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് വിനോദും സൗമ്യയും പദ്ധതി തയ്യാറാക്കിയത്. ഒരു വര്‍ഷം മുന്‍പാണ് വിനോദും സൗമ്യയും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഭര്‍ത്താവിനെ കുടുക്കാന്‍ 45,000 രൂപയ്ക്കാണ് സൗമ്യ എംഡിഎംഎ വാങ്ങിയത്. കഴിഞ്ഞ 18നാണ് ഷെഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ സൗമ്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.