യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി. 11 മലയാളി വിദ്യാര്‍ത്ഥികളുടെ സംഘമാണ് എത്തിയത്. ഇത് കൂടാതെ മുംബൈയിലെത്തിയ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. നോർക്ക റൂട്ട്സിന്റെ സഹായത്തോടെയാണ് ഇവരെ നാട്ടിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം മുംബൈ, ഡൽഹി എന്നീ വിമാനത്താവളങ്ങളിൽ എത്തിയ മലയാളി വിദ്യാർത്ഥികളെ നോർക്ക ഉദ്യോഗസ്ഥർ നേരിട്ട് കണ്ട വിവരങ്ങൾ ആരാഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇവരെ അവരവരുടെ നാടുകളിലേക്ക് എത്തിച്ചത്.
നെടുമ്പാശേരിയിൽ മന്ത്രി പി രാജീവ്, ബെന്നി ബഹന്നാൻ എം.പി, എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത് എന്നിവർക്കൊപ്പം നോർക്ക ഉദ്യോഗസ്ഥരും തിരിച്ചെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ചു.
ഇന്നലെ യുക്രൈനില്‍ നിന്നും ഡല്‍ഹിയിലെത്തിയ സംഘത്തിലുള്ളവരാണ് ഇപ്പോള്‍ കൊച്ചിയിലും കോഴിക്കോടുമായി എത്തിയത്. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനമാണെത്തിയത്. 25 മലയാളികളടക്കം 240 പേരാണ് വിമാനത്തിലുള്ളത്.