കോഴിക്കോട് സിനിമ നിർമ്മാതാവിന് നേരെ വെടിവെപ്പ്; രണ്ടു പേർ കസ്റ്റഡിയിൽ

0
107

കോഴിക്കോട് നന്മണ്ടയിൽ സിനിമ നിർമ്മാതാവിനു നേരെ വെടിവെപ്പ്. വൈഡൂര്യം സിനിമയുടെ നിർമ്മാതാവ് പന്ത്രണ്ടുമഠത്തിൽ വിൽസണ് നേരെയാണ് മൂന്നം​ഗസംഘം വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ കൊടിയത്തൂർ സ്വദേശികളായ ഷാഫി(32), മുനീർ(38) എന്നിവരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ ഉപയോ​ഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്‌ വീട്‌ ഒഴിപ്പിക്കാനെത്തിയ ക്വട്ടേഷൻ സംഘം വീട്ടുക്കാർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. 2016ൽ പുറത്തിറങ്ങിയ സിനിമയാണ് വൈഡൂര്യം. സിനിമ നിർമ്മിക്കാനായി പണം വായ്പയായി വാങ്ങിയിരുന്നു ഇതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് ആക്രമണത്തിന് കാരണം.

2010ൽ സിനിമ നിർമിക്കാൻ 2.65 കോടിയോളം രൂപ വിൽസണു ചെലവായിരുന്നു. സിനിമ റിലീസ് ചെയ്യാൻ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടർന്ന് വായ്പയെടുത്തു. തൃശൂരിൽ വിൽസന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റർ ചെയ്തു നൽകുകയും ചെയ്തിരുന്നു.എന്നാൽ സിനിമ പരാജയപ്പെട്ടതോടെ വിൽസൺ പ്രതിസന്ധിയിലായി.

പിന്നീട് വിൽസൺ സ്വന്തം പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റർ ചെയ്തു നൽകിയിരുന്നു. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റർ ചെയ്തു കൊടുത്തിരുന്നത്. ആറു മാസത്തിനു ശേഷം 87.72 ലക്ഷം രൂപയ്ക്കു ആ സ്ഥലം വിറ്റു പണം തിരികെ നൽകി. എന്നാൽ നന്മണ്ടയിലെ സ്ഥലം വിൽസണു തിരികെ കൊടുത്തില്ല. ഈ കേസ് കോടതിയുടെ പരി​ഗണനയിലാണ്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.