പട്ടാപ്പകല്‍ തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അജീഷ് അതേദിവസം മറ്റ് രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിലാണ് അജീഷ് തന്നെ ഒരു മടിയും കൂടാതെ തന്റെ ലക്ഷ്യം പൊലീസിനോട് വെളിപ്പെടുത്തിയത്.
തമ്പാനൂർ സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റായ നീലന് എന്ന അയ്യപ്പനെ (34) വകവരുത്തിയ ശേഷം നെടുമങ്ങാട് കല്ലിയോട് തന്റെ വീടിന് സമീപത്തുള്ള രണ്ട് പേരെക്കൂടി വകവരുത്താനായിരുന്നു ഇയാളുടെ ശ്രമം. മുമ്പ് സുഹൃത്തുകളായിരുന്ന ഇരുവരും പിന്നീട് ഇയാളുമായി തെറ്റിപ്പിരിയുകയും പലതവണ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇതാണ് പകക്ക് കാരണം.
അയ്യപ്പനെ കൊന്നശേഷം ഇരുവരെയും അന്വേഷിച്ച് ഇവരുടെ വീടുകളിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെയാണ് വടിവാളുമായി കലുങ്കിൽ ഇരുന്നതെന്ന് ഇയാള്‍ പൊലീസിൽ മൊഴി നൽകി. കഞ്ചാവ്, മയക്കുമരുന്നിന് അടിയമായ അജീഷ് വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ഓവര്‍ബ്രിഡ്ജിലെ സിറ്റി ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വകവരുത്തിയത്. ലഹരിപദാര്‍ഥങ്ങളുടെ നിരന്തര ഉപയോഗം ഇയാളെ ‘സൈക്കോ’ ആക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
അയ്യപ്പന് മരിച്ച വിവരം പൊലീസ് കസ്റ്റഡിയിലിരിക്കെ അറിഞ്ഞ അജീഷ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. താനിപ്പോഴാണ് ശരിക്കും താരമായതെന്നായിരുന്നു അജീഷിന്റെ വാക്കുകള്‍. “ഇപ്പോഴാണ് ഞാന്‍ സ്റ്റാറായത്. ഇനി എന്നെ എല്ലാവരും പേടിക്കും”- എന്നായിരുന്നു അജീഷിന്റെ പ്രതികരണമെന്നായിരുന്നു പൊലീസ് പറയുന്നത്.
ആനായിക്കോണം പാലത്തിനടുത്തെ കലുങ്കിൽ ഇരിക്കുമ്പോഴാണ് പൊലീസ് എത്തുന്നത്. പിടികൊട്ട്ന ശ്രമിച്ച പൊലീസുകാരെയും ആക്രമിക്കാൻ ഇയാൾ ശ്രമിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 11 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്താലേ കൊലക്ക് പിന്നിലെ യഥാര്‍ഥ കാരണം വ്യക്തമാകൂ. ഇതിനായി കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കും.