കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെതിരെ കള്ളക്കേസ്; സൗമ്യ കുടുങ്ങിയത് ഇങ്ങനെ

0
85

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച അന്വേഷണം ഗ്രാമപഞ്ചായത്ത് അംഗം സൗമ്യയിലേക്ക് എത്തിയത് പൊലീസിന്റെ സമഗ്രവും കൃത്യതയുമാർന്ന അന്വേഷണത്തിലൂടെ. കേസ് വഴി മാറിയേക്കാമെന്ന ഘട്ടത്തിലാണ് പൊലീസിന്റെ ഇടപെടലിലൂടെ സൗമ്യ അടക്കമുള്ള പ്രതികളെ കുരുക്കനായത്.

കേസ് അന്വേഷണം സൗമ്യയിൽ എത്തിയതിനെക്കുറിച്ച് വിവരിച്ച് വണ്ടന്‍മേട് സിഐ വി എസ് നവാസ്. ആദ്യഘട്ടത്തില്‍ തന്നെ അത് കള്ളക്കേസാണെന്ന് തനിക്ക് വ്യക്തമായിരുന്നെന്നും സുനില്‍ കുറ്റം ചെയ്തെന്ന് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂയെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും നവാസ് വ്യക്തമാക്കി. ”തന്റെ അന്വേഷണത്തില്‍ സുനില്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും പറഞ്ഞിരുന്നു. എന്നാല്‍ രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി. പക്ഷേ നൂറുശതമാനം ഉറപ്പായിരുന്നു, അത് കള്ളക്കേസാണെന്ന്. തുടര്‍ന്ന് നടത്തിയ അന്വേഷണം, എംഡിഎംഎ കടത്തിനെക്കുറിച്ച് രഹസ്യവിവരം കൈമാറിയ ഷാനവാസിലേക്ക് എത്തി.”-നവാസ് പറയുന്നു.

”ഷാനവാസിന്റെ ഫോണ്‍ പരിശോധനയില്‍ കാമുകന്‍ വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഷാനവാസിനെയും സൗമ്യയെയും വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ മറുപടി.

വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളും മറ്റ് കണ്ടെത്തലുകളും പൊലീസ് സാമ്യയ്ക്ക് മുമ്പാകെ കാണിച്ചു.” ഇതോടെയാണ് സൗമ്യ കുറ്റം സമ്മതിച്ചതെന്ന് നവാസ് പറഞ്ഞു.സംഭവത്തില്‍ വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമായ സൗമ്യ, ശാസ്താംകോട്ട സ്വദേശി ഷാനവാസ്, കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ (24) എന്നിവരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കാമുകന്‍ വിനോദിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവിനെ കുടുക്കാന്‍ 45,000 രൂപയ്ക്കാണ് സൗമ്യ എംഡിഎംഎ വാങ്ങിയത്. കഴിഞ്ഞ 18നാണ് ഷെഫിന്‍, ഷാനവാസ് എന്നിവര്‍ വണ്ടന്‍മേട് ആമയറ്റില്‍ വച്ച് സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദുമായി ചര്‍ച്ച നടത്തിയ ശേഷം സൗമ്യ എംഡിഎംഎ ഭര്‍ത്താവിന്റെ ബൈക്കില്‍ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.

തുടര്‍ന്ന് വിനോദ് വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം നടക്കുന്നതായി പൊലീസിനെ വിവരം അറിയിച്ചു. സിഐ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കാന്‍ സൗമ്യ ശ്രമിക്കുകയായിരുന്നെന്നും വ്യക്തമായത്.