വിഴിഞ്ഞം തുറമുഖം: ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും, നഷ്ടപരിഹാര വിതരണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും

0
120

വിഴിഞ്ഞം തുറമുഖ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും ശേഷിക്കുന്ന നഷ്ടപരിഹാര വിതരണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുവാനും തീരുമാനം.

വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താനും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമായി വിഴിഞ്ഞം തുറമുഖ കമ്പനി (വിസില്‍) സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് തീരുമാനമായത്. വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറില്‍ വര്‍ഷത്തില്‍ ഒറ്റ ദിവസവും തൊഴില്‍ നഷ്ടപ്പെടാതിരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പുനരധിവാസം, തൊഴില്‍ ലഭ്യത, പരിസ്ഥിതി ആഘാത പഠനം, ഭൂമി ഏറ്റെടുക്കല്‍, റെയില്‍ കണക്ടിവിറ്റി തുടങ്ങിയ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ സജി ചെറിയാന്‍, കെ രാജന്‍, ആന്റണി രാജു സംസ്ഥാന തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, വിസില്‍ എം ഡി കെ ഗോപാലകൃഷ്ണന്‍, സി ഇ ഒ ഡോ ജയകുമാര്‍, പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ പ്രഭാത് ചന്ദ്ര എന്നിവരും തുറമുഖം, ഫിഷറീസ്, റവന്യൂ, ഗതാഗത വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.