സ്പോർട്സ് ഹോസ്റ്റൽ സെലക്ഷൻ മാർച്ച് 2 മുതൽ

0
76

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ നടക്കും. 2022-23 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ബാസ്‌കറ്റ് ബോൾ, സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), ഹാൻഡ് ബോൾ (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണൽ സെലക്ഷൻ നടക്കുക.

മാർച്ച് 2, 3 തീയതികളിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ കുട്ടികൾക്കായി കണ്ണൂർ പോലീസ് സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികൾക്കായി 4, 5 തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്കായി 7, 8 തീയതികളിൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്കായി 9, 10 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്ക് 11, 12 തീയതികളിൽ കോട്ടയം പാല മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് സെലക്ഷൻ നടക്കുക. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികൾക്ക് 14, 15 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സെലക്ഷൻ ട്രയൽസ്.

അത്ലറ്റിക്സ്, ഫുട്ബോൾ, വോളീബോൾ എന്നീ കായികയിനങ്ങളിൽ ജില്ലാതല സെലക്ഷൻ നടത്തും. മാർച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയിലെ കുട്ടികൾക്കായി യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്കായി മൂന്നിന് കൊല്ലം എസ്.എൻ കോളേജിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്ക് നാലിന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും സെലക്ഷൻ നടത്തും.

കോട്ടയം, ഇടുക്കി ജില്ലകളിലെ കുട്ടികൾക്ക് 5 ന് കോട്ടയം പാല മുൻസിപ്പൽ സ്റ്റേഡിയത്തിലും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്ക് 7 ന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് 8 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും സെലക്ഷൻ നടത്തും. കോഴിക്കോട് ജില്ലയിലെ കുട്ടികൾക്ക് 9 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും വയനാട് ജില്ലകളിലെ കുട്ടികൾക്ക് 11 ന് വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിലും കണ്ണൂർ ജില്ലയിലെ കുട്ടികൾക്ക് 12 ന് കണ്ണൂർ പോലീസ് സ്റ്റേഡിയത്തിലും കാസർഗോഡ് ജില്ലയിലെ കുട്ടികൾക്ക് 14 ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ നടത്തുന്നത്.