കാട്ടാക്കടയിൽ 15 ഏക്കറിൽ റമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി

0
83

കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ എന്നീ 6 പഞ്ചായത്തുകളിലായി 15 ഏക്കറിൽ റമ്പൂട്ടാൻ കൃഷി ആരംഭിച്ചു. നടീൽ ഉത്സവത്തിന്റെ മണ്ഡലംതല ഉദ്ഘാടനം നവകേരള മിഷൻ കോർഡിനേറ്റർ ഡോ.റ്റി.എൻ.സീമ മലയിൻകീഴിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നിരവധി പദ്ധതികളാണ് കാട്ടാക്കട മണ്ഡലത്തിൽ എം.എൽ.എ ഐ.ബി.സതീഷിന്റെ നേതൃത്വത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ ജലസമൃദ്ധിയിൽ നിന്ന് കാർഷികസമൃദ്ധി ലക്ഷ്യമാക്കി നടപ്പിലാക്കാനുദ്ദേശിക്കുന്ന നിരവധി പദ്ധതികളുമുണ്ട്.

തനത് കൃഷിവിളകൾക്കൊപ്പം വേറിട്ട നാണ്യവിളകളുടെയും ഫലവൃക്ഷങ്ങളുടെയും കൃഷിയും, അവയെ വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർദ്ധിത ഉൽപനങ്ങളാക്കുന്നതിനുമാണ് കാർഷികസമൃദ്ധി ലക്ഷ്യമിടുന്നത്. ഇതിലൊന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഒപ്പംകൂട്ടാം റമ്പൂട്ടാൻ പദ്ധതി. പദ്ധതിയുടെ ലോഗോ പ്രകാശനം
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജയ്ക്ക് നൽകി ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു.

മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി അദ്ധ്യക്ഷത വഹിച്ച  ചടങ്ങിൽ വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പത്മം പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ശാന്താപ്രഭാകരൻ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ എ.നിസാമുദ്ദീൻ, പള്ളിച്ചൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി.വി.ആർ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ.ബിന്ദുരാജ് എന്നിവർ സംസാരിച്ചു. മലയിൻകീഴ് കൃഷി ഓഫീസർ ശ്രീജ എസ് നന്ദി പറഞ്ഞു. വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ എന്നിവർ പങ്കെടുത്തു.