കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്: എന്‍ജിഒ അസോസിയേഷൻ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍

0
96

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് എന്‍ജിഒ അസോസിയേഷനിലേക്ക് പടര്‍ന്നതോടെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍. യോഗം അലങ്കോലമായതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തെരഞ്ഞെടുക്കാൻ കഴിയാതെ അവസാനിപ്പിച്ചു. സംഘടനാ നേതൃത്വം പിടിച്ചെടുക്കാനുള്ള കെ.സുധാകരന്റെ നീക്കത്തിനെതിരെയാണ് എ-ഐ വിഭാഗങ്ങളുടെ പ്രതിഷേധം ശക്തമാകുന്നത്.

കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന് പിന്നാലെ എന്‍ജിഒ അസോസിയേഷനില്‍ തുടങ്ങിയ ഗ്രൂപ്പ് പോരാണ് പുതിയ തലത്തിലേക്ക് ഉയര്‍ന്നത്. ഒരിടവേളക്ക് ശേഷം ഓണ്‍ലൈനില്‍ അല്ലാതെ ചേര്‍ന്ന വിപുലമായ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയത്.

സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ ഏ ഗ്രൂപ്പ് നിര്‍ദേശിച്ചെങ്കിലും അംഗീകരിക്കാനാവില്ലെന്ന് നേതൃത്വം പറഞ്ഞതോടെ ആദ്യം ബഹളമായി. തുടര്‍ന്ന് മുദ്രാവാക്യം വിളിയായി. ഇരു വിഭാഗങ്ങളും പരസ്യമായി ഏറ്റുമുട്ടിയതോടെ പൊലീസെത്തി. പിന്നീട് നേതാക്കളുമായി സംസാരിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു.
അസോസിയേഷനിന്റെ നേതൃത്വത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസിലെ നേതൃമാറ്റത്തോടെ കെ.സുധാകരനോട് അടുത്തതോടെയാണ് സംഘടനയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.