ഉക്രയ്‌നിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ ദൗത്യ വിമാനം മുംബൈയിലെത്തി

0
93

ഉക്രയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം മുംബൈയിലെത്തി. ഇരുപത്തിയേഴ് മലയാളികൾ ഉൾപ്പെടെ 219 യാത്രക്കാരുമായി പുറപ്പെട്ട ദൗത്യ വിമാനം മുംബൈയിലാണ് പറന്നിറങ്ങിയത്. ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്.

രാത്രി എട്ടു മണിയോടെയാണ് മുംബയിൽ ലാൻഡ് ചെയ്‍തത്. 36 മണിക്കൂർ നേരത്തെ ആശങ്കയ്ക്കും ഏഴ് മണിക്കൂർ നീണ്ടുനിന്ന യാത്രക്കും വിരാമമിട്ടാണ് എയർ ഇന്ത്യ വിമാനം മുംബയിൽ ലാൻഡ് ചെയ്‍തത്. എയർ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്. ബുക്കോവിനിയന്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. റൊമാനിയയിലെ ഇന്ത്യൻ അംബാസഡർ രാഹുൽ ശ്രീവാസ്തവ നേരിട്ടെത്തിയാണ് ഇന്ത്യൻ പൗരൻമാരെ യാത്രയാക്കിയത്.

മുംബയിൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പായി മലയാളികൾ അടക്കമുള്ളവർ സ്വന്തം രാജ്യത്തെത്തിയതിന്റെ സന്തോഷസൂചകമായി ഹർഷാരവം മുഴക്കി. മലയാളികൾ അടക്കമുള്ള മുഴുവൻ യാത്രക്കാരെയും സ്വീകരിക്കാൻ നോർക്ക റൂട്ട്സിന്റെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ നോർക്ക മുൻകൈയെടുത്ത് സ്വീകരിച്ചിരുന്നു. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ വേണ്ട നടപടികള്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും.

മുംബൈയിലും ഡൽഹിയിലും തിരിച്ചെത്തിയവർക്ക് കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കി. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു.
മുംബൈ വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അടക്കമുള്ളവരും എത്തി. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് കൊവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയർപോർട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്. ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.