ആദിവാസിമേഖലകളിലെ മദ്യലഭ്യത: ശക്തമായ നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദേശം

0
106

ജില്ലയിലെ ആദിവാസി മേഖലകളിലെ മദ്യലഭ്യതയുമായി ബന്ധപ്പെട്ട പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ നിർദേശം. ഈ മേഖലകളിൽ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ ശക്തമാക്കണമെന്നും നടപടി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ജില്ലാ വികസനസമിതി ഓൺലൈൻ യോഗത്തിൽ കളക്ടർ നിർദേശം നൽകി.

ശ്രീകാര്യം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് കടകംപള്ളി സുരേന്ദ്രേൻ എംഎൽഎ ആവശ്യപ്പെട്ടു. ശ്രീകാര്യം മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിലേയും പട്ടയ വിതരണവുമായി ബന്ധപ്പെട്ട അപേക്ഷകളിലേയും തുടർനടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

അരുവിക്കര മണ്ഡലത്തിലെ ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരോട് ജി.സ്റ്റീഫൻ എം.എൽ.എ ആവശ്യപ്പെട്ടു. പൊഴിയൂർ- പരിത്തിയൂർ പ്രദേശത്ത് കടൽഭിത്തി നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പി.ഡബ്ല്യൂഡി റോഡുകളുടെ ഇരുവശത്തും ക്വാറി വേസ്റ്റുകൾ അടക്കമുള്ളവ നിക്ഷേപിക്കുന്നത് തടയാൻ നടപടിയുണ്ടാകണമെന്നും കെ.ആൻസലൻ എം.എൽ.എ പറഞ്ഞു.

പേരൂർക്കട മേൽപ്പാല നിർമ്മാണ പുരോഗതിയും സൈക്കിൾ ട്രാക്ക് പ്രോജക്ടിന്റെ തുടർ നടപടികളും യോഗത്തിൽ വി.കെ പ്രശാന്ത് എം.എൽ.എ വിലയിരുത്തി. ശാസ്തമംഗലം റവന്യൂ ടവർ നിർമാണ പുരോഗതി സംബന്ധിച്ചും അദ്ദേഹം ഉദ്യോഗസ്ഥരോട് സംസാരിച്ചു.കാട്ടക്കടയിലെ പൊന്നറ ശ്രീധരൻ സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണം അടിയന്തരമായി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് ഐ.ബി സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു.

എഡിഎം ഇ.മുഹമ്മദ് സഫീർ, ഡെപ്യൂട്ടി കളക്ടർമാർ, മന്ത്രിമാരുടെയും എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.