ഇരച്ചുകയറി റഷ്യൻ സൈനികർ, ചെര്‍ണോബില്‍ വീണു

0
95

ഉക്രയ്‌നെ നിരായുധമാക്കി റഷ്യ. രാജ്യത്തെ മൂന്നുവശത്തുനിന്ന്‌ വളഞ്ഞ്‌ കര, നാവിക, വ്യോമാക്രമണം നടത്തുകയായിരുന്നു. മൂന്നു മണിക്കൂറിനകം ഉക്രയ്‌ന്റെ വ്യോമപ്രതിരോധ സംവിധാനം കീഴടക്കി. തലസ്ഥാനമായ കീവിനു സമീപത്തെ രണ്ടു വ്യോമതാവളം പൂർണമായും റഷ്യൻ പിടിയിലായി.

 

11 വ്യോമകേന്ദ്രമടക്കം എഴുപതിലധികം സൈനികകേന്ദ്രങ്ങൾ തകർത്തു. ഉക്രയ്‌ൻ പൂർണമായും കീഴടക്കാൻ മണിക്കൂറുകൾമാത്രമെന്ന്‌ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. റഷ്യ ഉക്രയ്‌ൻ മണ്ണിൽ 203 പ്രാവശ്യം ആക്രമണം നടത്തിയതായും കീവിൽ ഉൾപ്പെടെ പോരാട്ടം തുടരുന്നതായും ഉക്രയ്‌ൻ പൊലീസ്‌ സ്ഥിരീകരിച്ചു.

 

തൊട്ടുപിന്നാലെ ചെര്‍ണോബിലും റഷ്യൻ സൈന്യം പിടിച്ചെടുത്തു. 1986ല്‍ ആണവദുരന്തമുണ്ടായ റിയാക്ടറുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് റഷ്യന്‍ സൈന്യം പിടിച്ചടുത്തത്. റഷ്യന്‍ സൈന്യം എത്തിയെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ചെര്‍ണോബിലും റഷ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

 

റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെര്‍ണോബിലിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെര്‍ണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്. ചെര്‍ണോബില്‍ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

 

വ്യാഴാഴ്ച റഷ്യൻ സമയം പുലർച്ചെ 5.55ന്‌ ദേശീയ ടെലിവിഷനിലൂടെയാണ്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ കിഴക്കൻ ഡോൺബാസ്‌ മേഖലയ്ക്കുവേണ്ടി ‘പ്രത്യേക സൈനിക ദൗത്യം’ പ്രഖ്യാപിച്ചത്‌. സ്വയരക്ഷയ്ക്കാണെന്നും ഉക്രയ്‌ൻ പിടിച്ചെടുക്കുകയല്ല, നിരായുധീകരിക്കുകയാണ്‌ ലക്ഷ്യമെന്നും പുടിൻ പറഞ്ഞു.

 

ഉക്രയ്‌ൻ ആയുധം താഴെവച്ച്‌ കീഴടങ്ങണമെന്നും ഏതൊരു ബാഹ്യ ഇടപെടലിനും ചരിത്രം കാണാത്ത തിരിച്ചടിയുണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ്‌ നൽകി. തൊട്ടുപിന്നാലെ, കീവിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ബാങ്കുകളിലും സർക്കാർ സ്ഥാപനങ്ങളിലും വിപണിയിലും റഷ്യൻ സൈബർ ആക്രമണമുണ്ടായി. എടിഎമ്മുകളടക്കം നിശ്ചലമായി.