കൊട്ടാരക്കരയിൽ സിപിഐ എം നേതാവിനെ വെട്ടിക്കൊല്ലാൻ ആർ എസ് എസ് ശ്രമം

0
164

സിപിഐ എം നേതാവിനെ വെട്ടിക്കൊല്ലാൻ ആർ എസ് എസ് ശ്രമം. സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റിഅം​ഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റും മുനിസിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷനും കൂടിയായ ഫൈസൽ ബഷീറിനെയാണ്‌ ആർ എസ് എസുകാർ ആക്രമിച്ചത്.

ആക്രമണത്തിൽ തലയ്ക്ക്‌ വെട്ടേറ്റു. കമ്പിവടി കൊണ്ടുള്ള മർദനത്തിൽ കൈയും കാലും ഒടിഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന ഫൈസലിനെ നാട്ടുകാർ ഉടൻ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചു. തുടർന്ന്‌ വിദ​ഗ്ധ ചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റിൽ പാലത്തിനു സമീപം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ആദിലിനോടൊപ്പം നിൽക്കുമ്പോഴായിരുന്നു മാരകായുധങ്ങളുമായി ആറു ബൈക്കുകളിൽ എത്തിയ എട്ടം​ഗ ആർ എസ് എസ് സംഘം ആക്രമിച്ചത്. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

 

രണ്ടുദിവസം മുമ്പ് കൊട്ടാരക്കര സെന്റ് ​ഗ്രി​ഗോറിയസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരെയും യൂണിയൻ ഭാരവാഹികളെയും എബിവിപിക്കാർ മർദിച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അലീം മുഹമ്മദ്, സെക്രട്ടറി വിഷ്ണു, ജില്ലാകമ്മിറ്റി അം​ഗം അജി എം ആർ, ഫാരിസ് എന്നിവരെ അത്യാഹിത വിഭാ​ഗത്തിന് സമീപം കൂടിനിന്ന ബിജെപി–-ആർഎസ്എസ്‌ പ്രവർത്തകർ മർദിക്കാൻ ശ്രമിച്ചു.

ഈ സമയം ആശുപത്രിയിൽ ഉണ്ടായിരുന്ന ഫൈസൽ ബഷീർ അക്രമം തടയുകയും എസ്എഫ്ഐ നേതാക്കൾക്ക് സംരക്ഷണം നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആസൂത്രിതമായ ആക്രമണത്തിന് കാരണം.