നമ്പർപ്ളേറ്റ് മറച്ചുവെച്ചും അടിക്കടി നിയമം ലംഘിച്ചും അതിവേഗത്തിലും ബൈക്കുകളിൽ റോഡിലിറങ്ങിയാൽ ഇനി മോട്ടോർ വാഹനവകുപ്പിന്റെ പിടി വീഴും. മുന്‍വശത്ത് നമ്പർപ്ലേറ്റില്ലാതെയും പിൻവശത്തെ നമ്പർപ്ളേറ്റ് വായിക്കാൻ പറ്റാത്തവിധവും മടക്കിവെച്ചുള്ള ബൈക്കുകൾ റോഡിൽ കണ്ടാൽ നിയമ നടപടി നേരിടേണ്ടിവരും.
ഇത്തരത്തിൽ ഏതാനും ബൈക്കുകൾ കഴിഞ്ഞദിവസം പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംഘം ആലുവയില്‍നിന്ന് പിടികൂടി. നമ്പർപ്ളേറ്റ് ഇല്ലാതെയും വലിയ ശബ്ദം മുഴക്കിയുമൊക്കെ ബൈക്കോടിക്കുന്നത് ഹരമാക്കിയവരും ഇനി വകുപ്പിന്റെ വലയിൽ വീഴും. അത്തരം വാഹനങ്ങൾ പിടിച്ചെടുക്കാൻ തന്നെയാണ് തീരുമാനം. പിറകുവശത്ത് മഡ്ഗാഡോ നമ്പർ പ്ളേറ്റോ വെക്കാനുള്ള സ്റ്റാന്‍ഡോ ഇല്ലെങ്കിലും പെടുകതന്നെ ചെയ്യും.
ആലുവയിലെ പ്രത്യേക എന്‍ഫോഴ്സ്മെന്റ് നടപടി വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. വളരെ തിരക്കേറിയ പട്ടണങ്ങളിൽ പോലും ഒരു നിയന്ത്രണവും ലക്കും ലഗാനുമില്ലാതെയും ബൈക്ക് യാത്രക്കാർ കൂടിയതാണ് കാരണം.