കെ സുരേന്ദ്രനെ ബി ജെ പി പ്രവര്‍ത്തകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി കാസർക്കോട്ടെ വിമതര്‍

0
143

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കാസര്‍കോട്ടെ ബി ജെ പി പ്രവര്‍ത്തകര്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി വിമത നേതാക്കള്‍. കഴിഞ്ഞദിവസം ഒരു വിഭാഗം പ്രവർത്തകർ ബിജെപി ജില്ലാകമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി വിമതര്‍ രംഗത്തെത്തിയത്.

കെ സുരേന്ദ്രന് എന്തോ മറച്ചുവെക്കാനുണ്ടെന്ന് സംശയിക്കുന്നുണ്ട്. കുമ്പള പഞ്ചായത്തിലെ അടക്കം വിഷയത്തിൽ സുരേന്ദ്രൻ ശക്തമായ നിലപാട് കൈക്കൊള്ളുന്നില്ല. ചില നേതാക്കളുടെ വിവരം മാത്രം അനുസരിച്ചാണ് സുരേന്ദ്രൻ പ്രവർത്തിക്കുന്നത്. വിഷയത്തിൽ ഒരു വർഷം മുമ്പേതന്നെ സംസ്ഥാന പ്രസിഡന്റിനെ കണ്ടതാണ്. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. നിലവിൽ കുമ്പള പഞ്ചായത്തിൽ ഉണ്ടായ കാര്യങ്ങൾ എല്ലാം തുറന്നുപറയാനാകില്ല.

എന്നാലും പാർട്ടി വിഷയം എന്ന നിലയിൽ സുരേന്ദ്രൻ ഉയർന്ന ബോധത്തോടെയും സംസ്ഥാന പ്രസിഡന്റിന്റെ ത്രാണി കാണിക്കുകയും വേണമായിരുന്നു. സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ആ വിശ്വാസം തകര്‍ന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി തങ്ങള്‍ രംഗത്തെത്തിയത്.

എന്നാല്‍ ആരോപണ വിധേയരായ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കിയത് ഏറെ വിഷമമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, ഉത്തരമേഖല ജനറല്‍ സെക്രട്ടറി പി സുരേഷ് കുമാര്‍, ജില്ല സെക്രട്ടറി മണികണ്ഠ റായ് എന്നിവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തന്നെ കടുത്ത നടപടിയുമായി മുന്നോട്ട് പോകും. പ്രവര്‍ത്തകരുടെ പിന്തുണ തങ്ങള്‍ക്കുണ്ട്, എന്നാല്‍ ജില്ല പ്രസിഡന്റിന് ഇതിലൊന്നും പങ്കില്ലെന്നും വിമത നേതാക്കള്‍ വ്യക്തമാക്കി.